മന്ത്രിസ്ഥാനത്തിന് അർഹതയുണ്ട്… പക്ഷെ ചോദിച്ചു വാങ്ങില്ല… മുഖ്യമന്ത്രി ചർച്ചകളിൽ അതൃപ്തി അറിയിച്ച് പി.എം.എ. സലാം

മലപ്പുറം: വോട്ടെണ്ണലിന് മുൻപേ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി കോൺഗ്രസിനുള്ളിൽ നടക്കുന്ന വാദപ്രതിവാദങ്ങളിൽ അതൃപ്തി പരസ്യമാക്കി മുസ്ലിം ലീഗ്. പൊരിവെയിലത്ത് കഷ്ടപ്പെട്ട ലക്ഷക്കണക്കിന് യുഡിഎഫ് പ്രവർത്തകരുടെ ത്യാഗത്തെ വിസ്മരിക്കുന്നതാണ് ഇത്തരം ചർച്ചകളെന്ന് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം പറഞ്ഞു. ഇത്തരം പ്രവണതകൾ ശരിയല്ലെന്നാണ് ലീഗിന്റെ പൊതു അഭിപ്രായമെന്നും അദ്ദേഹം വ്യക്തമാക്കി.

ഭരണം കിട്ടുമെന്ന് ഉറപ്പാണ്. എന്നാൽ മുഖ്യമന്ത്രിയെ തീരുമാനിക്കാൻ വോട്ടെണ്ണണം, ഭൂരിപക്ഷം ലഭിക്കണം. അതിന് മുൻപേ പൊതുസമൂഹത്തിൽ ഇത്തരം ചർച്ചകൾ നടത്തുന്നത് വോട്ടർമാർക്കിടയിലും പ്രവർത്തകർക്കിടയിലും നൈരാശ്യം ഉണ്ടാക്കും. ആരെ മുഖ്യമന്ത്രിയാക്കണമെന്ന ചർച്ച നിലവിൽ ലീഗ് നടത്തിയിട്ടില്ല. കോൺഗ്രസ് ഹൈക്കമാൻഡിന്റെ തീരുമാനത്തിനൊപ്പം ലീഗ് നിൽക്കും. തിരഞ്ഞെടുപ്പിൽ മത്സരിക്കാത്തയാൾ മുഖ്യമന്ത്രിയാകുന്നത് കേരളത്തിൽ ആദ്യത്തെ സംഭവമല്ല. താൻ അതിനെ ന്യായീകരിക്കുകയല്ല, മറിച്ച് വസ്തുത പറയുകയാണെന്നും സലാം കൂട്ടിച്ചേർത്തു.

യുഡിഎഫിൽ മുസ്ലിം ലീഗിന് കൂടുതൽ മന്ത്രിസ്ഥാനങ്ങൾക്ക് അർഹതയുണ്ട്. എന്നാൽ ഒന്നും ചോദിച്ചു വാങ്ങില്ല. എല്ലാ ഘടകകക്ഷികളെയും വിശ്വാസത്തിലെടുത്ത് ചർച്ചകളിലൂടെ തീരുമാനമുണ്ടാകും. ‘യുഡിഎഫിൽ നടക്കുന്ന ആഭ്യന്തര ചർച്ചകൾ പുറത്തുവിടുന്നത് ഉചിതമല്ല. പരസ്യപ്രസ്താവന നടത്തുന്ന നേതാക്കൾ ജാഗ്രത പാലിക്കണം. സമചിത്തതയോടെ മാത്രമേ ഇത്തരം കാര്യങ്ങളെ ലീഗ് സമീപിക്കൂ.’ പി.എം.എ. സലാം പറഞ്ഞു.തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി അടുത്ത ദിവസം ലീഗ് യോഗം ചേരും. താഴെത്തട്ടിൽ നിന്നുള്ള റിപ്പോർട്ടുകൾ യോഗത്തിൽ വിശകലനം ചെയ്യും.

Related Articles

Back to top button