പീഡനക്കേസ്…. കോൺഗ്രസ് കൗൺസിലർ പ്രശോഭ് സി വത്സന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി… അറസ്റ്റ് ഉടനെന്ന് സൂചന

പാലക്കാട്: ദളിത് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ പ്രതിയായ പാലക്കാട് നഗരസഭാ കൗൺസിലർ പ്രശോഭ് സി വത്സന് തിരിച്ചടി. പ്രശോഭ് സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ മണ്ണാർക്കാട് എസ്‌സി/എസ്ടി പ്രത്യേക കോടതി തള്ളി. അതിജീവിത കോടതിയിൽ നേരിട്ടെത്തി മൊഴി നൽകിയതിന് പിന്നാലെയാണ് കോടതി ഉത്തരവ്.
ജോലി വാഗ്ദാനം ചെയ്ത് പരിചയപ്പെട്ട ശേഷം, സൗഹൃദം നടിച്ച് താമസസ്ഥലത്ത് അതിക്രമിച്ചു കയറി പീഡിപ്പിച്ചു എന്നാണ് യുവതി മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പറയുന്നത്. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം പാലക്കാട് ടൗൺ സൗത്ത് പോലീസ് കേസെടുത്തതോടെ പ്രശോഭ് ഒളിവിൽ പോവുകയായിരുന്നു. താൻ നിരപരാധിയാണെന്നും രാഷ്ട്രീയ പ്രേരിതമായ കേസാണെന്നുമാണ് അഭിഭാഷകൻ മുഖേന പ്രശോഭ് കോടതിയെ അറിയിച്ചത്. എന്നാൽ കോടതി ഈ വാദങ്ങൾ അംഗീകരിച്ചില്ല.
പ്രശോഭിനെ പിടികൂടാൻ വൈകുന്നതിൽ പോലീസിനെതിരെ ബിജെപി കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. പാലക്കാട്ടെ ഒരു പ്രമുഖ ജനപ്രതിനിധിയുടെ ഒത്താശയോടെയാണ് പ്രശോഭ് ഒളിവിൽ കഴിയുന്നതെന്ന് ബിജെപി ജില്ലാ അധ്യക്ഷൻ പ്രശാന്ത് ശിവൻ ആരോപിച്ചു. പരാതി ഉയർന്നതിന് പിന്നാലെ പ്രശോഭിനെ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയതായി ഡിസിസി നേതൃത്വം അറിയിച്ചിരുന്നു. പീഡനവിവരം പുറത്തുവന്നതോടെ വലിയ പ്രതിഷേധമാണ് നഗരസഭയിലടക്കം ഉയരുന്നത്. പ്രശോഭിനായി പോലീസ് ലുക്കൗട്ട് നോട്ടീസ് ഇറക്കിയേക്കുമെന്നും സൂചനയുണ്ട്.



