അങ്കമാലിയിൽ ആന ഇടഞ്ഞ സംഭവം…. വാങ്ങിയിട്ട് 16 വർഷമായി, വിഷ്ണു ആനയെ പരിപാലിക്കാൻ എത്തിയതാണ് പിന്നീട് ഡ്രൈവറായി’…. ഉടമസ്ഥൻ രാജു

കൊല്ലം മയ്യനാട് അരുണിമ എന്ന വീട്ടിലെ രാജുവിന്റെ ഉടമസ്ഥതയിലുള്ള ആനയാണ് ഇടഞ്ഞ പാർത്ഥസാരഥി. 16 വർഷമായി ഈ ആനയെ വാങ്ങിയിട്ട്. തൃശ്ശൂർ പൂരത്തിലടക്കം പങ്കെടുത്തിട്ടുള്ള ഈ ആന ഇത്രയും വലിയ പ്രശ്‌നം ഉണ്ടാക്കുന്നത് ആദ്യമായിട്ടാണെന്നും, മുമ്പ് ചെറിയ പ്രശ്നങ്ങൾ മാത്രമാണ് ഉണ്ടായിട്ടുള്ളതെന്നും ഉടമസ്ഥൻ രാജു പറഞ്ഞു. പത്തനംതിട്ട കൊടുമൺ സ്വദേശിയായ സൗരഭിനാണ് ആനയെ പാട്ടത്തിന് നൽകിയിരുന്നത്.
ആനയുടെ കൊമ്പിന്റെ പരിക്ക് ഫോട്ടോ എടുത്ത് ഉടമയ്ക്ക് അയക്കാൻ ശ്രമിക്കുന്നതിനിടയിലാണ് ലോറി ഡ്രൈവർ വിഷ്ണുവിനെ ആന ആക്രമിച്ചത്. തുടർന്ന് രാവിലെ 9.30-ഓടെ വിരണ്ടോടിയ ആന റോഡിലെ വാഹനങ്ങൾ ഉൾപ്പെടെ കുത്തിമറിച്ചിട്ട് പ്രദേശത്ത് വലിയ പരിഭ്രാന്തി സൃഷ്ടിച്ചു. ആദ്യം വിഷ്ണു ആനയെ പരിപാലിക്കാനാണ് എത്തിയത്, പിന്നീട് വണ്ടിയുടെ ഡ്രൈവറായി മാറുകയായിരുന്നു. പാപ്പാന്റെ സഹായിയായും വിഷ്ണു പോകാറുണ്ടായിരുന്നുവെന്ന് ഉടമ രാജു വ്യക്തമാക്കി.
വിരണ്ടോടിയ ആനയെ രാവിലെ 11.30 ആയിട്ടും തളയ്ക്കാനായിരുന്നില്ല. തുടർന്ന് ആർ.ആർ.ടി സംഘം സ്ഥലത്തെത്തുകയും ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ ആനയെ പൂർണ്ണമായി തളയ്ക്കുകയും ചെയ്തു. അപകടത്തിൽ രണ്ടാം പാപ്പാൻ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്.



