ലഹരി ഉപയോഗിച്ചെന്ന് പറഞ്ഞ് അപമാനിച്ചു’….. മകന്റെ മരണത്തിന് പിന്നിൽ മാനസിക പീഡനമെന്ന് കുടുംബം….

ബെംഗളൂരുവിൽ മലയാളി നഴ്‌സിംഗ് വിദ്യാർത്ഥിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. ബെംഗളൂരു ബിടിഎൽ സ്‌കൂൾ ഓഫ് നഴ്‌സിംഗിലെ ബിഎസ്‌സി നഴ്‌സിംഗ് രണ്ടാം വർഷ വിദ്യാർത്ഥി അരുവിക്കര കളത്തുകാൽ കാച്ചാണി സ്വദേശി എ. പി. ആദിത്യൻ (19) ആണ് മരിച്ചത്. ഹോസ്റ്റൽ മുറിയിൽ ബുധനാഴ്ച ഉച്ചയോടെയാണ് ആദിത്യനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

മലയാളികളായ നാല് വിദ്യാർത്ഥികൾക്കൊപ്പമായിരുന്നു ആദിത്യൻ ഹോസ്റ്റൽ മുറിയിൽ താമസിച്ചിരുന്നത്. ബുധനാഴ്ച ഉച്ചയ്ക്ക് മറ്റ് വിദ്യാർത്ഥികൾ കോളേജിൽ നിന്നു തിരിച്ചെത്തിയപ്പോഴാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് കോളേജ് അധികൃതർ കുടുംബത്തെ വിവരമറിയിക്കുകയായിരുന്നു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം തിരുവനന്തപുരം കാച്ചാണിയിലെ വീട്ടിലെത്തിച്ച് പൊതുദർശനത്തിന് വെച്ചു. ബിടിഎൽ കോളേജിലെ അധ്യാപകനായ സന്ദീപ് പാണ്ഡെ ആദിത്യനെ നിരന്തരം മാനസികമായി പീഡിപ്പിച്ചെന്ന് കുടുംബം ആരോപിക്കുന്നു.

സഹപാഠികൾ ലഹരി ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് ആദിത്യനെ അധ്യാപകൻ അനാവശ്യമായി കുറ്റപ്പെടുത്തുകയും, മറ്റ് കുട്ടികളുടെ മുന്നിൽ വെച്ച് അപമാനിക്കുകയും ചെയ്തതായി പിതാവ് വ്യക്തമാക്കുന്നു. ആദിത്യൻ ലഹരി ഉപയോഗിക്കില്ലെന്നും, ക്ലാസ് റെപ്രസെന്റേറ്റീവ് ആയിരുന്ന അവന് ഇത്തരം കാര്യങ്ങളിൽ യാതൊരു പങ്കുമില്ലെന്നും കുടുംബം ഉറപ്പിച്ചു പറയുന്നു. അധ്യാപകൻ ആദിത്യനെ മാനസികമായി പീഡിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി കോളേജിലെ ഒരു വിദ്യാർത്ഥിനി ബന്ധുക്കൾക്ക് അയച്ച ശബ്ദസന്ദേശം പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ ദുരൂഹതയുണ്ടെന്നും, പരാതി സ്വീകരിക്കാൻ പോലീസ് മടിച്ചെന്നും കുടുംബം ആരോപിക്കുന്നു. ഹെബ്ബഗോഡി പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Articles

Back to top button