മുഖ്യമന്ത്രിയുടെ മീഡിയ ഗ്രൂപ്പ് ഇനി ‘ഓപ്പോസിഷൻ മീഡിയ’…. പിണറായി പ്രതിപക്ഷ നേതാവാകുമോ?….

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ സിപിഎമ്മിനുള്ളിൽ നേതൃസ്ഥാനങ്ങളെ ചൊല്ലിയുള്ള ചർച്ചകൾ സജീവമാകുന്നു. ഇതിനിടെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വാർത്താ വിനിമയ ഗ്രൂപ്പായ ‘മുഖ്യമന്ത്രിയുടെ മീഡിയ ഗ്രൂപ്പിന്റെ’ പേര് ‘ഓപ്പോസിഷൻ മീഡിയ’ (Opposition Media) എന്ന് പുനർനാമകരണം ചെയ്തത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.എം. മനോജാണ് വാട്‌സ്ആപ്പ് ഗ്രൂപ്പിന്റെ പേര് മാറ്റിയത്. ഗ്രൂപ്പിന്റെ ഡിസ്പ്ലേ പിക്ചറായി പിണറായി വിജയന്റെ ചിത്രം തന്നെയാണ് ഇപ്പോഴുമുള്ളത്. പത്ത് വർഷത്തെ ഭരണത്തിന് ശേഷം പിണറായി വിജയൻ പ്രതിപക്ഷ നിരയെ നയിക്കുമോ എന്ന ചോദ്യത്തിനുള്ള മറുപടിയായാണ് ഈ പേരുമാറ്റത്തെ രാഷ്ട്രീയ നിരീക്ഷകർ കാണുന്നത്. പരാജയത്തിന് ശേഷം അദ്ദേഹം ഇതുവരെ മാധ്യമങ്ങളെ കണ്ടിട്ടില്ലെങ്കിലും, പ്രതിപക്ഷത്തെ നയിക്കാൻ പിണറായി തന്നെ വരണമെന്ന അഭിപ്രായം ഒരു വിഭാഗം നേതാക്കൾക്കുണ്ട്.
പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കുന്നതിൽ പിണറായി വിജയൻ താൽപ്പര്യക്കുറവ് പ്രകടിപ്പിച്ചാൽ മാത്രമേ മറ്റ് പേരുകളിലേക്ക് പാർട്ടി കടക്കുകയുള്ളൂ. തിരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്തവും ആരോഗ്യപ്രശ്നങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടുമോ എന്നാണ് പാർട്ടി ഉറ്റുനോക്കുന്നത്. പിണറായി വിജയൻ ഒഴിഞ്ഞുനിൽക്കുകയാണെങ്കിൽ മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാലിനെ പ്രതിപക്ഷ നേതാവായി പരിഗണിക്കാനാണ് സാധ്യത. ആദ്യത്തെ കുറച്ചുകാലം പിണറായി നയിച്ച ശേഷം ബാലഗോപാലിന് കൈമാറുന്ന രീതിയിലുള്ള ധാരണകളും ചർച്ചയിലുണ്ട്. കരുത്തനായ ഒരു പ്രതിപക്ഷ നേതാവ് സഭയിൽ അനിവാര്യമാണെന്ന വിലയിരുത്തലിലാണ് സിപിഎം. നാളെ ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം ഇക്കാര്യത്തിൽ ഔദ്യോഗിക തീരുമാനമുണ്ടാകും.



