‘മരിക്കാൻ ആയുസ്സ് തീരണം, വീട്ടിനുള്ളിലായാലും മരണം തേടിയെത്തും’….. ചർച്ചയായി സന്തോഷ് നായരുടെ വാക്കുകൾ

നടൻ സന്തോഷ് കെ. നായരുടെ വിയോഗവാർത്തയ്ക്ക് പിന്നാലെ അദ്ദേഹം മുൻപ് നൽകിയ ഒരു അഭിമുഖം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. മരണത്തെയും തന്റെ കരിയറിലെ സാഹസികതയെയും കുറിച്ച് അദ്ദേഹം പങ്കുവെച്ച നിരീക്ഷണങ്ങൾ ആരാധകരെയും സഹപ്രവർത്തകരെയും ഒരുപോലെ കണ്ണീരിലാഴ്ത്തുകയാണ്. സിനിമയിലെ സംഘട്ടന രംഗങ്ങൾ ചെയ്യുന്നതിനിടെയുണ്ടായ അപകടങ്ങളെക്കുറിച്ച് സംസാരിക്കവെയാണ് മരണം എന്ന യാഥാർത്ഥ്യത്തെക്കുറിച്ച് അദ്ദേഹം വാചാലനായത്.

“ഞാൻ മരിച്ചുപോവണമെങ്കിൽ എന്റെ ആയുസ്സ് തീർന്നിരിക്കണം. അതിനിപ്പോൾ ഞാൻ വീട്ടിനുള്ളിൽ ഇരുന്നാലും മതി. ഒരു ഫാൻ പൊട്ടിവീണാലും മതിയല്ലോ. നമ്മുടെ സമയം അവസാനിക്കണമെങ്കിൽ അതായാലും പോരെ. അപ്പോൾ ഒരു പ്രവർത്തി ചെയ്തുകൊണ്ടിരിക്കുമ്പോൾ ആയാലെന്താ പ്രശ്നം?” താൻ ചെയ്യുന്ന ജോലിയോടുള്ള അർപ്പണബോധമാണ് ഏത് വലിയ റിസ്കും ഏറ്റെടുക്കാൻ തന്നെ പ്രേരിപ്പിക്കുന്നതെന്ന് അദ്ദേഹം അന്ന് പറഞ്ഞിരുന്നു. ആ വാക്കുകൾ ശരിവെക്കുന്നതായിരുന്നു ജീവിതത്തിന്റെ അവസാന നിമിഷം വരെയുള്ള അദ്ദേഹത്തിന്റെ യാത്രയും.

തന്റെ അഭിനയ ജീവിതത്തിലെ നിർണ്ണായകമായ ചില അപകടങ്ങളെക്കുറിച്ചും അദ്ദേഹം ആ അഭിമുഖത്തിൽ അനുസ്മരിച്ചിരുന്നു. 1983-ൽ ഓമനിക്കാൻ ഓർമ്മവയ്ക്കാൻ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ വീണ് കാലിന് പരിക്കേറ്റതിനെക്കുറിച്ച് അദ്ദേഹം പറഞ്ഞിരുന്നു. വർഷങ്ങളോളം ആ പരിക്കുമായാണ് അദ്ദേഹം ഓടാനും ചാടാനുമുള്ള രംഗങ്ങൾ ചെയ്തത്. ജോഷി സംവിധാനം ചെയ്ത ‘സൈന്യം’ എന്ന ചിത്രത്തിൽ വെള്ളത്തിൽ ചാടുന്ന സാഹസിക രംഗം ചെയ്യാൻ മടി കാണിക്കാതെ മുന്നോട്ട് വന്ന അനുഭവം അദ്ദേഹം പങ്കുവെച്ചു. “ചെയ്യാം” എന്ന ഒറ്റവാക്കിൽ ഏത് വെല്ലുവിളിയും ഏറ്റെടുക്കുന്ന പ്രകൃതമായിരുന്നു സന്തോഷിന്റേത്. സിനിമയിലേക്ക് സജീവമായി തിരിച്ചുവരുന്നതിനെക്കുറിച്ച് വലിയ പ്രതീക്ഷകൾ അദ്ദേഹം പങ്കുവെച്ചിരുന്നു. എന്നാൽ ആ സ്വപ്നങ്ങളെല്ലാം ബാക്കിവെച്ചാണ് അടൂർ ഏനാത്തുണ്ടായ വാഹനാപകടത്തിൽ അദ്ദേഹം വിടപറഞ്ഞത്.

Related Articles

Back to top button