ഒളിച്ചുവന്നത് വെറുതെയായി, എല്ലാം ക്യാമറയിൽ പതിഞ്ഞു… പിടിയിലായത് പത്തോളം കേസുകളിലെ പ്രതി

കൊല്ലം: പത്തനാപുരത്ത് പട്ടാപ്പകൽ വീട്ടിൽ മോഷണം നടത്താനെത്തിയ വിരുതനെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പൊലീസ് പിടികൂടി. പത്തനാപുരം നഗരത്തിൽ ഗവൺമെന്റ് ആശുപത്രിക്ക് സമീപമുള്ള വീട്ടിലാണ് വ്യാഴാഴ്ച പകൽ മോഷണശ്രമം നടന്നത്. തമിഴ്നാട് സ്വദേശിയായ അയ്യപ്പനാണ് പിടിയിലായത്. വീടിന്റെ വശത്തുകൂടെ പതുങ്ങി എത്തുന്ന മോഷ്ടാവിന്റെ ദൃശ്യങ്ങൾ വീട്ടിൽ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയിൽ കൃത്യമായി പതിയുകയായിരുന്നു.

ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ട വീട്ടുകാർ ഉടൻ തന്നെ പൊലീസിനെ വിവരമറിയിച്ചു. തുടർന്ന് പൊലീസ് നടത്തിയ ഊർജിതമായ പരിശോധനയിലാണ് പ്രതി വലയിലായത്. അറസ്റ്റിലായ അയ്യപ്പനെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ഇയാൾ പത്തോളം മോഷണക്കേസുകളിലെ പ്രതിയാണെന്ന ഞെട്ടിക്കുന്ന വിവരം പൊലീസ് കണ്ടെത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. നഗരമധ്യത്തിൽ പട്ടാപ്പകൽ പോലും മോഷണശ്രമം നടന്നത് പ്രദേശവാസികളെയാകെ വലിയ ആശങ്കയിലാക്കിയിരിക്കുകയാണ്. പ്രദേശത്ത് സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി പകലും രാത്രിയും പൊലീസ് പട്രോളിംഗ് കർശനമാക്കണമെന്ന ആവശ്യം നാട്ടുകാർക്കിടയിൽ ശക്തമായിട്ടുണ്ട്.

Related Articles

Back to top button