ബ്ലൈന്‍ഡ് ഏഷ്യാ കപ്പ് ഫൈനലില്‍ വന്‍ വിവാദം… ഇന്ത്യ സമ്മാനദാനം ബഹിഷ്കരിച്ചു

കാഴ്ചപരിമിതരുടെ ഏഷ്യാ കപ്പ് ക്രിക്കറ്റ് ഫൈനലില്‍ പാക്കിസ്ഥാനെ ഏകപക്ഷീയമായി വിജയികളായി പ്രഖ്യാപിച്ചതിനെതിരെ ശക്തമായ പ്രതിഷേധവുമായി ഇന്ത്യ. മഴ കാരണം ഒരു പന്തുപോലും എറിയാതെ മത്സരം ഉപേക്ഷിച്ചതിന് പിന്നാലെയാണ് വിവാദം പൊട്ടിപ്പുറപ്പെട്ടത്. പ്രതിഷേധത്തിന്റെ ഭാഗമായി ഇന്ത്യന്‍ ടീം സമ്മാനദാന ചടങ്ങ് ബഹിഷ്കരിച്ചു. ടൂര്‍ണമെന്റ് നിയമാവലിയിലെ സെക്ഷന്‍ 27 പ്രകാരം മഴ മൂലം ഫൈനല്‍ ഉപേക്ഷിച്ചാല്‍ ഇരുടീമുകളെയും സംയുക്ത വിജയികളായി പ്രഖ്യാപിക്കണമെന്നാണ് വ്യവസ്ഥ.
ഇതുപ്രകാരം ഇന്ത്യയെയും പാക്കിസ്ഥാനെയും സംയുക്ത ചാമ്പ്യന്മാരായി പ്രഖ്യാപിക്കാന്‍ വേള്‍ഡ് ബ്ലൈന്‍ഡ് ക്രിക്കറ്റ് കൗണ്‍സില്‍ (ഡബ്ല്യുബിസിസി) ടെക്നിക്കല്‍ കമ്മിറ്റി ആദ്യം തീരുമാനിച്ചിരുന്നു. എന്നാല്‍, ഈ തീരുമാനം പിന്നീട് അട്ടിമറിക്കപ്പെടുകയായിരുന്നുവെന്നാണ് ഇന്ത്യയുടെ ആരോപണം. ഡബ്ല്യുബിസിസി പ്രസിഡന്റും പാക്കിസ്ഥാന് ബ്ലൈന്‍ഡ് ക്രിക്കറ്റ് കൗണ്‍സില്‍ (പിബിസിസി) മേധാവിയുമായ സയ്യിദ് സുല്‍ത്താന്‍ ഷാ ഇടപെട്ടാണ് തീരുമാനം മാറ്റിയതെന്ന് ക്രിക്കറ്റ് അസോസിയേഷന് ഫോര്‍ ദ ബ്ലൈന്‍ഡ് ഇന്‍ ഇന്ത്യ (സിഎബിഐ) ആരോപിക്കുന്നു. നെറ്റ് റണ്‍റേറ്റില്‍ മുന്നിലുള്ള പാക്കിസ്ഥാനെ ചാമ്പ്യന്മാരാക്കാന് സുല്‍ത്താന്‍ ഷാ അധികാര ദുര്‍വിനിയോഗം നടത്തിയെന്നും ഇന്ത്യന്‍ ടീമും ഒഫിഷ്യലുകളും കുറ്റപ്പെടുത്തി.
ഇന്ത്യയെ സംയുക്ത വിജയികളായി പ്രഖ്യാപിച്ചില്ലെങ്കില്‍ ഭാവിയില്‍ അന്താരാഷ്ട്ര ടൂര്‍ണമെന്റുകളില്‍ പാക്കിസ്ഥാനുമായി കളിക്കില്ലെന്ന് സിഎബിഐ പ്രസിഡന്റ് മഹന്തേഷ് ജി കെ, ജനറല്‍ സെക്രട്ടറി ശൈലേന്ദ്ര യാദവ് എന്നിവര്‍ വ്യക്തമാക്കി. നവംബര്‍ 18-ന് നടന്ന സെമിഫൈനലില്‍ ബംഗ്ലാദേശിനെ തോല്‍പ്പിച്ചാണ് ഇന്ത്യ ഫൈനലില്‍ കടന്നത്. ബംഗ്ലാദേശ് ഉയര്‍ത്തിയ 124 റണ്‍സ് വിജയലക്ഷ്യം സുനില്‍ രമേശിന്റെ (പുറത്താകാതെ 63) തകര്‍പ്പന്‍ ബാറ്റിംഗിന്റെ കരുത്തില്‍ 13.2 ഓവറില്‍ ഇന്ത്യ മറികടന്നു. ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ ശ്രീലങ്കയ്ക്കെതിരെ 179 റണ്‍സിന്റെ വമ്പന്‍ ജയവും ഇന്ത്യ സ്വന്തമാക്കിയിരുന്നു. ഏഷ്യാ കപ്പ് ഫൈനലുകളുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ തുടര്‍ച്ചയായാണ് ഈ സംഭവത്തെയും കാണുന്നത്.
2025-ലെ പുരുഷ ഐസിസി ഏഷ്യാ കപ്പ് ഫൈനലിലും 2026-ലെ വനിതാ ഏഷ്യാ കപ്പ് ഫൈനലിലും ഇന്ത്യ ജേതാക്കളായപ്പോള്‍, ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ അധ്യക്ഷനും പാക്കിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാനുമായ മൊഹ്സിന്‍ നഖ്വിയില് നിന്ന് ട്രോഫി സ്വീകരിക്കാന്‍ ഇന്ത്യ വിസമ്മതിച്ചിരുന്നു. 2025-ല്‍ അദ്ദേഹം ട്രോഫിയുമായി വേദി വിട്ടതും 2026-ല്‍ ഔദ്യോഗിക ട്രോഫി വിതരണം നടക്കാതിരുന്നതും വലിയ ചര്‍ച്ചയായിരുന്നു. ഈ സംഭവങ്ങളെ പാക്കിസ്ഥാന്റെ ‘ട്രോഫി അടിച്ചുമാറ്റലായി’ സമൂഹമാധ്യമങ്ങളില്‍ ട്രോളുന്ന സാഹചര്യത്തിലാണ് കാഴ്ചപരിമിതരുടെ ക്രിക്കറ്റിലെയും ഈ വിവാദം ശ്രദ്ധ നേടുന്നത്.




