തിരഞ്ഞെടുപ്പ് കള്ളപ്പണക്കേസുകൾക്ക് സുപ്രീംകോടതി കടിഞ്ഞാൺ… അന്വേഷണം…

തിരഞ്ഞെടുപ്പിലെ കള്ളപ്പണവുമായി ബന്ധപ്പെട്ട കേസുകളിൽ നിർണായക നിർദേശങ്ങളുമായി സുപ്രീംകോടതി. ഇത്തരം കേസുകളിലെ അന്വേഷണം ഒരു വർഷത്തിനകം പൂർത്തിയാക്കണമെന്ന് കോടതി നിർദേശിച്ചു. കേസുകളുടെ വിചാരണയ്ക്കായി പ്രത്യേക കോടതികൾ നിയോഗിക്കണമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

തിരഞ്ഞെടുപ്പ് കാലത്ത് കള്ളപ്പണവുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കുന്നതിന് ഇനി ഹൈക്കോടതിയുടെ അനുമതി നിർബന്ധമാണ്. അന്വേഷണത്തിനിടെ പിടിച്ചെടുക്കുന്ന പണവും സ്വത്തുക്കളും സംബന്ധിച്ച വിവരം 24 മണിക്കൂറിനകം ജില്ലാ മജിസ്ട്രേറ്റിനെയോ ബന്ധപ്പെട്ട കോടതിയെയോ അറിയിക്കണമെന്നും കോടതി നിർദേശിച്ചു. ജസ്റ്റിസുമാരായ സഞ്ജയ് കരോൾ, നോങ്‌മെയ്‌കാപം കോട്ടിസ്‌വർ സിംഗ് എന്നിവരടങ്ങിയ ബെഞ്ചാണ് നിർദേശങ്ങൾ പുറപ്പെടുവിച്ചത്. 2014ലെ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ ബെല്ലാരിയിൽ മത്സരിച്ച സ്ഥാനാർഥി പ്രതീക് പരസ്‌രംപുരിയ വോട്ടർമാർക്ക് കൈക്കൂലി നൽകുന്നതിനായി വൻതോതിൽ പണം ശേഖരിച്ചെന്ന കേസിൽ കർണാടക ഹൈക്കോടതി എഫ്ഐആർ റദ്ദാക്കിയതിനെതിരായ അപ്പീൽ പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ നിർണായക ഇടപെടൽ. അപ്പീൽ പരിഗണിക്കുന്നതിനിടെ തിരഞ്ഞെടുപ്പുകളിലെ കള്ളപ്പണ പ്രശ്നം പരിശോധിക്കുന്നതിനായി കേന്ദ്രസർക്കാർ, തിരഞ്ഞെടുപ്പ് കമ്മീഷൻ, എല്ലാ സംസ്ഥാനങ്ങൾ, കേന്ദ്രഭരണ പ്രദേശങ്ങൾ എന്നിവയ്ക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചു. മുതിർന്ന അഭിഭാഷകരായ ഗൗരവ് അഗർവാൾ, സ്വപ്നിൽ ത്രിപാഠി എന്നിവരെ അമിക്കസ് ക്യൂറിയായും നിയമിച്ചു.

2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയിൽ 3,87,430 എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തതായും ഇതിൽ 42.9 ശതമാനം കേസുകളിൽ, അതായത് 1,66,044 കേസുകളിൽ മാത്രമാണ് പ്രതികൾക്ക് ശിക്ഷ ലഭിച്ചതെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയെ അറിയിച്ചു. ശേഷിക്കുന്ന കേസുകൾ അന്വേഷണം അല്ലെങ്കിൽ വിചാരണ ഘട്ടത്തിലാണെന്നും കമ്മീഷൻ സമർപ്പിച്ച വിവരങ്ങളിൽ വ്യക്തമാക്കുന്നു. തിരഞ്ഞെടുപ്പ് കാലത്തെ കള്ളപ്പണവും അനുബന്ധ കുറ്റകൃത്യങ്ങളും വേഗത്തിൽ അന്വേഷിക്കുകയും വിചാരണ പൂർത്തിയാക്കുകയും ചെയ്യുന്നതിനുള്ള കർശന സംവിധാനമാണ് സുപ്രീംകോടതി നിർദേശങ്ങളിലൂടെ ലക്ഷ്യമിടുന്നത്.

Related Articles

Back to top button