സൗബിൻ ഷാഹിറും പിതാവും പ്രതികൾ…. മഞ്ഞുമ്മൽ ബോയ്സ് കേസിൽ 1000 പേജുള്ള കുറ്റപത്രം കോടതിയിൽ സമർപ്പിച്ച് ക്രൈം ബ്രാഞ്ച്

കൊച്ചി: ആഗോളതലത്തിൽ വൻ വിജയം നേടിയ ‘മഞ്ഞുമ്മൽ ബോയ്സ്’ സിനിമയുടെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസിൽ നിർമ്മാതാക്കൾക്കെതിരെ ക്രൈം ബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് അന്വേഷണസംഘം വിപുലമായ കുറ്റപത്രം നൽകിയത്. ഏകദേശം 1000 പേജുകളുള്ള വിശദമായ കുറ്റപത്രമാണ് കോടതിക്ക് കൈമാറിയിരിക്കുന്നത്. പ്രമുഖ നടനും നിർമ്മാതാവുമായ സൗബിൻ ഷാഹിർ, പിതാവ് ബാബു ഷാഹിർ, ഷോൺ ആന്റണി എന്നിവരാണ് കേട്ടുകേൾവിയില്ലാത്ത ഈ വഞ്ചനാക്കേസിലെ പ്രധാന പ്രതികൾ. ചിത്രത്തിന്റെ നിർമ്മാതാക്കൾ നടത്തിയത് മുൻകൂട്ടി അതീവ ആസൂത്രിതമായി തയ്യാറാക്കിയ വലിയൊരു സാമ്പത്തിക തട്ടിപ്പ് ആയിരുന്നുവെന്നാണ് ക്രൈം ബ്രാഞ്ച് സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.

അരൂർ സ്വദേശിയായ സിറാജ് വലിയവീട്ടിൽ ഹമീദ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തതും ഇപ്പോൾ കുറ്റപത്രത്തിലേക്ക് എത്തിയതും. ‘മഞ്ഞുമ്മൽ ബോയ്സ്’ സിനിമയുടെ നിർമ്മാണത്തിനായി 7 കോടി രൂപ താൻ മുടക്കിയെന്നും, ചിത്രത്തിന്റെ ആകെ ലാഭത്തിന്റെ 40 ശതമാനം നൽകാമെന്ന് പ്രതികൾ ഉറപ്പുനൽകിയിരുന്നു എന്നുമാണ് പരാതിക്കാരൻ വ്യക്തമാക്കുന്നത്. എന്നാൽ സിനിമ വൻ വിജയമായിട്ടും തനിക്ക് ലാഭവിഹിതമോ അല്ലെങ്കിൽ മുടക്കുമുതലോ പോലും നൽകാതെ പ്രതികൾ ഒന്നിച്ച് ചേർന്ന് വഞ്ചിച്ചുവെന്ന് ഹമീദ് പരാതിയിൽ പറഞ്ഞിരുന്നു. കേസിൽ പ്രതികൾക്കെതിരെ IPC 406 വിശ്വാസവഞ്ചന, IPC 420 ചതിപ്പറ്റിക്കൽ, IPC 120 B ഗൂഢാലോചന, IPC 34 കൂട്ടായ കുറ്റകൃത്യം എന്നിങ്ങനെ കടുത്ത നിയമ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.

നേരത്തെ തങ്ങൾക്കെതിരെ മരട് പോലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ പൂർണ്ണമായി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാൽ പ്രതികളുടെ ഈ ആവശ്യം സുപ്രീം കോടതി കർശനമായി തള്ളുകയായിരുന്നു. തുടർന്ന് പ്രത്യേക അന്വേഷണ സംഘമാണ് കേസിന്റെ വിശദമായ അന്വേഷണം നടത്തിയത്. പ്രതിപ്പട്ടികയിലുള്ള ബാബു ഷാഹിർ കേസ് റദ്ദാക്കാനായി മുൻപ് പല ഹർജികളും നൽകിയിരുന്നു. എന്നാൽ അന്വേഷണത്തിൽ വഞ്ചനയും സാമ്പത്തിക കൃത്രിമത്വവും വ്യക്തമായതോടെയാണ് ക്രൈം ബ്രാഞ്ച് ഇപ്പോൾ ശക്തമായ തെളിവുകളോടെ വമ്പൻ കുറ്റപത്രം കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. കേസിൽ ഇനി വിചാരണ നടപടികളിലേക്ക് കോടതി കടക്കും.

Related Articles

Back to top button