‘കേന്ദ്രത്തിന്റെ കൊള്ളയടി അവസാനിപ്പിക്കണം, മുഖ്യമന്ത്രിക്ക് അവസരവാദ നിലപാട്’…. എം വി ഗോവിന്ദൻ

തിരുവനന്തപുരം: രാജ്യത്ത് പെട്രോളിയം ഉത്പന്നങ്ങളുടെയും പാചകവാതകത്തിന്റെയും വില ദുസ്സഹമായ രീതിയിൽ ഉയരുന്നതിനെതിരെ കേന്ദ്ര-സംസ്ഥാന സർക്കാരുകളെ കടുത്ത ഭാഷയിൽ വിമർശിച്ച് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പെട്രോൾ വിലവർദ്ധനവിലൂടെ ജനങ്ങളെ പരസ്യമായി കൊള്ളയടിക്കുന്ന നിലപാടാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നതെന്നും ഈ ജനദ്രോഹ കൊള്ളയടി അടിയന്തിരമായി അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എൽ.പി.ജി വിലവർദ്ധനവ് കാരണം സാധാരണക്കാരായ ആളുകൾക്ക് ഹോട്ടലുകൾ പോലും തുറന്ന് പ്രവർത്തിക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. വിലക്കയറ്റം കാരണം സ്കൂളുകളിൽ കുട്ടികൾക്ക് ഉച്ചഭക്ഷണം പോലും കൃത്യമായി നൽകാൻ കഴിയാത്ത അവസ്ഥയാണുള്ളതെന്നും എല്ലാ നിത്യോപയോഗ സാധനങ്ങളുടെയും വില കുതിച്ചുയരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്ര സർക്കാരിനൊപ്പം സംസ്ഥാന സർക്കാരിന്റെ നികുതി നയങ്ങളെയും എം.വി. ഗോവിന്ദൻ രൂക്ഷമായി വിമർശിച്ചു. ജനങ്ങൾക്ക് മേലുള്ള നികുതിഭാരം ഒഴിവാക്കാൻ നിലവിൽ ഉദ്ദേശിക്കുന്നില്ല എന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കുന്നത്. ഇത് തികച്ചും അവസരവാദപരമായ നിലപാടാണ്.
സംസ്ഥാന സർക്കാർ പുറത്തുവിട്ട ധവളപത്രത്തിലെ നിർദ്ദേശങ്ങൾക്കെതിരെയും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തി. ലാഭകരമായി പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവൽക്കരിക്കാനാണ് ധവളപത്രത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. ഇതാണോ ഇവർ ഇത്രയും കാലം പറഞ്ഞുനടന്നതെന്നും അദ്ദേഹം ചോദിച്ചു. മുൻപ് എൽ.ഡി.എഫ് സർക്കാർ അധികാരത്തിലിരുന്നപ്പോൾ പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിക്കുകയും അവയെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തിക്കൊണ്ടുവരികയുമാണ് ചെയ്തത്. പൊതുമേഖലാ സ്ഥാപനങ്ങളെ വൻകിട കുത്തകകൾക്ക് അടിയറവ് വെയ്ക്കാൻ ഒട്ടും അനുവദിക്കില്ല എന്ന ശക്തമായ നിലപാടാണ് കഴിഞ്ഞ 10 വർഷവും എൽ.ഡി.എഫ് സർക്കാർ സ്വീകരിച്ചത്. കെ.എം.എം.എൽ ഉൾപ്പെടെയുള്ള വൻകിട സ്ഥാപനങ്ങൾ ഉയർന്നുവന്നതും ലാഭത്തിലായതും ഇടതുപക്ഷ നയങ്ങളുടെ ഭാഗമായാണ്. എന്നാൽ പുതിയ ധവളപത്രത്തിലെ നിർദ്ദേശങ്ങൾ ഇത്തരം സ്ഥാപനങ്ങളെ പൂർണ്ണമായി തകർക്കുന്നതാണെന്നും അതിനെതിരെ ശക്തമായ പ്രതിരോധം ഉയർത്തുമെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി.



