നെയ്യാറ്റിൻകരയിൽ കർഷകനെ കാട്ടാന കുത്തിക്കൊന്നു…. മറ്റൊരാൾക്ക് ഗുരുതര പരിക്ക്

തിരുവനന്തപുരം: നെയ്യാറ്റിൻകര വെള്ളറടയ്ക്ക് സമീപം കേരള-തമിഴ്‌നാട് അതിർത്തി ഗ്രാമമായ പേണുവിൽ കാട്ടാനയുടെ ക്രൂരമായ ആക്രമണത്തിൽ കർഷകന് ദാരുണാന്ത്യം. കാഞ്ഞിരംപാറ നാരായണൻ-ഭവാനി ദമ്പതികളുടെ മകൻ രാജേഷ് ആണ് കൊല്ലപ്പെട്ടത്. പ്രദേശത്ത് ആദ്യമായാണ് കാട്ടാന ഇറങ്ങുന്നതും ഇത്തരമൊരു മാരകമായ ആക്രമണം ഉണ്ടാകുന്നതുമെന്നാണ് നാട്ടുകാർ പറയുന്നത്. കൃഷിയിടത്തിലേക്ക് കൂട്ടത്തോടെ ഇറങ്ങിയ കാട്ടാനകളെ വിരട്ടി ഓടിച്ച ശേഷം, സമീപത്തെ പാറക്കെട്ടിലേക്ക് കയറി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിലാണ് രാജേഷിനെ ആന അപ്രതീക്ഷിതമായി ആക്രമിച്ചത്. നെഞ്ചിനും വയറിലും ആഴത്തിൽ കുത്തേറ്റ രാജേഷ് സംഭവസ്ഥലത്ത് വെച്ചുതന്നെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

കൂട്ടപ്പൂവിന് സമീപമുള്ള കരിഞ്ചിറ, പേണു പ്രദേശങ്ങളിലായി ആകെ നാല് കാട്ടാനകളാണ് വനത്തിൽ നിന്നും ജനവാസകേന്ദ്രത്തിലേക്ക് ഇറങ്ങിയത്. ഇതിൽ രണ്ടെണ്ണം പിന്നീട് കാടുകയറിയെങ്കിലും ബാക്കി രണ്ട് ആനകൾ ഇപ്പോഴും തമിഴ്‌നാട് അതിർത്തിയിലെ ജനവാസകേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് നിലയുറപ്പിച്ചിരിക്കുകയാണ്. വനപാലകർ ഇവയെ കാട്ടിലേക്ക് തിരികെ ഓടിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഇതേ പ്രദേശത്ത് പന്നിമലയ്ക്ക് സമീപം ഗണപതികല്ലിലെ കർഷകനായ രാജേന്ദ്രൻ എന്നയാൾക്കും കാട്ടാനയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ നിലവിൽ കുലശേഖരം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൊല്ലപ്പെട്ട രാജേഷിന്റെ മൃതദേഹം തമിഴ്‌നാട്ടിലെ കുഴിത്തുറ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

കുരങ്ങ്, കാട്ടുപന്നി, കാട്ടുപോത്ത് തുടങ്ങിയ വന്യമൃഗങ്ങളുടെ ശല്യം ഈ അതിർത്തി ഗ്രാമങ്ങളിൽ പതിവാണെങ്കിലും, കാട്ടാനകൾ ഈ പ്രദേശത്തേക്ക് ഇറങ്ങുന്നത് ഇതാദ്യമായാണെന്ന് വനംവകുപ്പും നാട്ടുകാരും സ്ഥിരീകരിക്കുന്നു. കാട്ടാനകൾ ഇപ്പോഴും അതിർത്തി മേഖലയിൽ തുടരുന്ന സാഹചര്യത്തിൽ വെള്ളറട ഗ്രാമപഞ്ചായത്ത് അധികൃതർ അതിർത്തി ഗ്രാമങ്ങളിലെ താമസക്കാർക്ക് അതീവ ജാഗ്രതാനിർദ്ദേശം നൽകിയിട്ടുണ്ട്.

Related Articles

Back to top button