സജ്ഞിത്തിനെ കൊല്ലാൻ കൊടുവാളുകൾ നിർമ്മിപ്പിച്ചത് പ്രതി ഷാജഹാനെന്ന് സാക്ഷി മൊഴി

പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ പ്രതിയായ പാലക്കാട് സജ്ഞിത്ത് വധക്കേസിൽ കൊലപാതകം ചെയ്യാനുള്ള ആയുധങ്ങൾ നിർമ്മിച്ചത് പതിനാലാം പ്രതിയായ ഷാജഹാൻ്റെ നിർദ്ദേശാനുസരണമെന്ന് സാക്ഷി കോടതിയിൽ മൊഴി നല്കി. സജ്ഞിത്ത് കൊല്ലപ്പെടുന്നതിന് ഏതാനും മാസങ്ങൾക്ക് മുമ്പ് കാമ്പ്രത്ത് ചള്ള സ്വദേശിയായ ഷാജഹാൻ കാളവണ്ടികൾക്ക് ഉപയോഗിക്കുന്ന ഇരുമ്പ് പട്ടയുമായി തന്നെ സമീപിച്ചെന്നും തോട്ടത്തിലെ പണിക്കെന്ന രീതിയിൽ സാധാരണയിൽ കൂടുതൽ വലുപ്പമുള്ള മൂന്ന് കൊടുവാളുകൾ നിർമ്മിച്ച് നല്കാൻ ആവശ്യപ്പെട്ടെന്നും പ്രതിഫലമായി 2000 രൂപ നല്കിയെന്നും സാക്ഷിയായ മുതലമട സ്വദേശി പൊന്നുച്ചാമി കേസിലെ സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ.പ്രതാപ് .ജി. പടിക്കലിൻ്റെ ചോദ്യങ്ങൾക്ക് ഉത്തരമായി പാലക്കാട് ഒന്നാം അഡീഷണൽ സെഷൻസ് കോടതിയിൽ മൊഴി നല്കി.
ഇങ്ങനെ വാളുകൾ വാങ്ങിക്കൊണ്ടുപോയ പ്രതി ഷാജഹാനെ തിരിച്ചറിയാൻ സാധിക്കുമെന്ന് മൊഴി നല്കിയ സാക്ഷി പ്രതിക്കൂട്ടിൽ നിന്ന മറ്റു പ്രതികളുടെ കൂട്ടത്തിൽ നിന്നും ഷാജഹാനെ തിരിച്ചറിയുകയും ചെയ്തു. നേരത്തെ, സജ്ഞിത്തിനെ കൊലപ്പെടുത്താൻ പ്രതികൾ ഉപയോഗിച്ചതായി സജ്ഞിത്തിൻ്റെ ഭാര്യ അർഷിക തിരിച്ചറിഞ്ഞ അതേ ആയുധങ്ങൾ തന്നെയാണ് പ്രതി ഷാജഹാൻ തന്നെക്കൊണ്ട് നിർമ്മിപ്പിച്ചതെന്ന സാക്ഷി തിരിച്ചറിഞ്ഞത് പ്രതികളുടെ ഗൂഡാലോചനയും മുന്നൊരുക്കവും കോടതിയിൽ തെളിയിക്കുന്നതിന് പ്രോസിക്യൂഷന് ഏറെ സഹായമാകും.
കേസിൽ പ്രോസിക്യൂഷന് വേണ്ടി അഡ്വ പ്രതാപ് ജി പടിക്കലിനോടൊപ്പം അഭിഭാഷകരായ ശ്രീദേവി പ്രതാപ്, ശില്പ ശിവൻ, ഹരീഷ് കാട്ടൂർ, മഹേശ്വർ പടിക്കൽ, വരുൺ വലിയ വീട്ടിൽ, നീരജ ഷാജി എന്നിവരാണ് ഹാജരാകുന്നത്. പ്രോസിക്യൂഷൻ സംഘത്തെ സഹായിക്കാനായി അഭിഭാഷകരായ വൃന്ദ, ചിച്ചു ചന്ത്രൻ, ശിഖ എന്നിവരടങ്ങുന്ന സംഘവും കേസ് നടപടികളിൽ പങ്കാളികളായി പ്രവർത്തിക്കുന്നുണ്ട്.



