ഓപ്പറേഷൻ തൂഫാനെതിരെ നിലപാടെടുത്താൽ ആ ഉദ്യോഗസ്ഥൻ സർവീസിലുണ്ടാകില്ല… രമേശ് ചെന്നിത്തല

ഹരിപ്പാട്: ഏതെങ്കിലും പൊലീസ് ഉദ്യോഗസ്ഥൻ ഓപ്പറേഷൻ തൂഫാനെതിരെ നിലപാടെടുത്താൽ ആ വ്യക്തി സർവീസിലുണ്ടാകില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഓപ്പറേഷൻ തൂഫാൻ കേരളാ സർക്കാരിന്റെ ഏറ്റവും സുപ്രധാനമായ പദ്ധതിയാണ്. 99 ശതമാനം പൊലീസുകാരും ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി വളരെ ആത്മാർത്ഥതയോടെയാണ് പ്രവർത്തിക്കുന്നത്. വൻതോതിലുള്ള ജനപിന്തുണ പദ്ധതിക്കുണ്ടെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.
സംസ്ഥാന ആഭ്യന്തരവകുപ്പും തദ്ദേശ സ്വയംഭരണവകുപ്പും ഹരിപ്പാട് നഗരസഭയും സംയുക്തമായി നടപ്പാക്കുന്ന തൂഫാൻ 2.0 തദ്ദേശം ഹരിപ്പാട് ഉദ്ഘാടനം ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മയക്കുമരുന്ന് കഴിച്ച് കുട്ടികൾ മസ്തിഷ്കം ഇല്ലാതായി ജീവിതം തകർന്നുപോകുന്ന അന്തരീക്ഷമുണ്ടാകാൻ പാടില്ലെന്നുകണ്ടാണ് പദ്ധതി തയ്യാറാക്കിയത്. പൊലീസ് സേനയിലെ ആരെങ്കിലും കൃത്രിമം കാണിച്ചാൽ അവർക്ക് രക്ഷയില്ലെന്നാണ് കൊച്ചി സംഭവം തെളിയിക്കുന്നത്. തൊണ്ടിമുതൽ അടിച്ചുമാറ്റിയിട്ടുണ്ടെങ്കിൽ അവരൊന്നും സർവീസിലുണ്ടാവില്ല. നടപടി ശക്തമായിരിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.



