‘ഷേരു ഭായ്’യെ പോലെ പെട്ടെന്ന് പണക്കാരനാകാം…

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയ അടക്കി ഭരിക്കുന്ന ഒരാളുണ്ട്. ‘ഷേരു ഭായ്’. ആരാണ് ഷേരുഭായ് എന്നല്ലേ? ഇത് ഒരു എഐ കഥാപാത്രമാണ്. ഒരു സിംഹമാണ് ഷേരു ഭായ്. താൻ ഈ ലോകത്തിലെ ഏറ്റവും വലിയ സമ്പന്നനെന്നാണ് ഷേരു ഭായ് അവകാശപ്പെടുന്നത്. കോടിക്കണക്കിന് പണവും മണിമാളികകളും കാറുകളുമെല്ലാം ഷേരു ഭായ്ക്കുണ്ട്. ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലുമെല്ലാം ഇപ്പോൾ ശ്രദ്ധ നേടുന്ന ഒന്നാണ് ‘OG Sheru’, ‘Sheru Bhai’ വീഡിയോകൾ. നിങ്ങളിൽ പലർക്കും ഇതറിയാമായിരിക്കും. പലരും കണ്ടിട്ടുമുണ്ടാകും.

മനുഷ്യനെപ്പോലെ സംസാരിക്കുകയും പെരുമാറുകയും ചെയ്യുന്ന വെള്ളയോ കറുപ്പോ നിറത്തിലുള്ള സിംഹമാണ് ഈ വീഡിയോകളിലെ പ്രധാന കഥാപാത്രം. എന്നാൽ ഈ കഥാപാത്രം സൈബർ തട്ടിപ്പുകാരുടെ പുതിയ പരസ്യ മോഡൽ ആണെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? ‘പെട്ടെന്ന്‌ പണക്കാരനാകാം’ എന്ന തലക്കെട്ടോടെ സമൂഹമാധ്യമങ്ങളിൽ ഷേരുഭായിയുടെ ചിത്രവും വീഡിയോയും ഉപയോഗിച്ച്‌ പരസ്യം നൽകിയാണ്‌ ഇരകളെ കണ്ടെത്തുന്നത്‌. ഇത്തരത്തിൽ പണം നഷ്ടപ്പെടുന്നവരുടെ എണ്ണം വർധിച്ചതായി സൈബർ വിദഗ്‌ധൻ ജിയാസ്‌ ജമാൽ പറയുന്നു.

സ്ഥിര വരുമാനം വാഗ്‌ദാനം ചെയ്‌താണ്‌ തട്ടിപ്പ്‌. ഓൺലൈൻ ക്യാഷ്‌ ഇനി വീട്ടിലിരുന്ന്‌ കിട്ടുമെന്നുള്ള വാഗ്‌ദാനങ്ങളടക്കം നൽകിയാണ്‌ പരസ്യങ്ങൾ പ്രചരിക്കുന്നത്‌. പരസ്യം കണ്ട്‌ ആകൃഷ്‌ടരാകുന്നവരെ ലിങ്കിൽ ക്ലിക്ക്‌ ചെയ്യാൻ പറഞ്ഞ്‌ ടെലഗ്രാം ഗ്രൂപ്പിലേക്കാണ്‌ കൊണ്ടുപോകുന്നത്‌. ഗ്രൂപ്പിലെത്തുന്പോൾ ഓൺലൈൻ ട്രേഡിങ്‌ ചെയ്യാൻ ആവശ്യപ്പെടും.

ട്രേഡിങ്‌ വഴി പണം നേടിയെന്ന്‌ അവകാശപ്പെടുന്നവർ ഗ്രൂപ്പിലുണ്ടാകും. ഇവർ പറയുന്നത്‌ വിശ്വസിച്ച്‌ പണം നിക്ഷേപിച്ചാൽ ആദ്യ ഘട്ടത്തിൽ ചെറിയ തുക ലാഭമാണെന്ന്‌ പറഞ്ഞ്‌ തന്നേക്കാം. പിന്നീട്‌ വലിയ നിക്ഷേപം നടത്താനാണ്‌ ആവശ്യപ്പെടുക. വലിയ തുക അയച്ച്‌ കൊടുത്തുകഴിഞ്ഞാൽ പിന്നെ തട്ടിപ്പുകാരൻ ടെലഗ്രാം ഗ്രൂപ്പിൽനിന്ന്‌ നിങ്ങളെ പുറത്താക്കി അടുത്ത ഇരയെ തേടി പോകും.

അജ്‌ഞാത ലിങ്ക്‌ ഇൻസ്‌റ്റാൾ ചെയ്യാനും ആവശ്യപ്പെട്ടേക്കാം. ഇത്‌ ഇൻസ്‌റ്റാൾ ചെയ്യുന്നതോടെ മൊബൈൽ ഫോണിന്റെ നിയന്ത്രണം സൈബർ തട്ടിപ്പുകാരന്റെ കൈയ്യിലാവും. വിലപ്പെട്ട വിവരങ്ങളും ബാങ്ക്‌ അക്ക‍ൗണ്ടിലുള്ള പണവുമെല്ലാം തട്ടിപ്പുകാരന്റെ കീശയിലെത്തും. പണം നഷ്ടപ്പെട്ടാൽ ഉടനെ അടുത്ത പൊലീസ്‌ സ്‌റ്റേഷനിലോ ദേശീയ സൈബർ ക്രൈം പോർട്ടലായ 1930ത്തിലോ വിളിച്ച്‌ പരാതി രജിസ്‌റ്റർ ചെയ്യുക.

സിംഹത്തെ മനുഷ്യസമാനമായ കഥാപാത്രമായി അവതരിപ്പിക്കുന്ന ഇത്തരം വീഡിയോകൾ പൂർണമായും എഐ നിർമ്മിതമാണ് എന്നുകൂടി അറിയണം. കേവലം വിനോദത്തിനും സാമൂഹികമാധ്യമങ്ങളിലെ ട്രെൻഡിനും വേണ്ടി നിർമിക്കുന്ന ഡിജിറ്റൽ ഉള്ളടക്കമാണിത്. അതിനാൽ വീഡിയോകളിൽ കാണുന്ന സംഭവങ്ങളോ സംഭാഷണങ്ങളോ യഥാർഥത്തിൽ നടന്നതാണെന്ന് തെറ്റിദ്ധരിക്കരുത്.

Related Articles

Back to top button