ഓപ്പറേഷൻ തൂഫാന് പിന്തുണ പ്രഖ്യാപിച്ച് SNDP യോഗം….

ആലപ്പുഴ: ഓപ്പറേഷന്‍ തൂഫാന് പിന്തുണ പ്രഖ്യാപിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കേരള സമൂഹത്തോട് ചെയ്യാവുന്ന ഏറ്റവും വലിയ പുണ്യവും നന്മയും ആണ് ഇതെന്നാണ് യോഗനാദത്തിലെ എഡിറ്റോറിയലില്‍ വെള്ളാപ്പള്ളി പറഞ്ഞത്. കേരളം നേരിടുന്ന അതീവ ഗുരുതരമായ വെല്ലുവിളിയാണ് ലഹരിമരുന്ന് ഭീഷണിയെന്നും വെള്ളാപ്പള്ളി. സമൂഹം ഒന്നാകെ ഈ ദൗത്യത്തിന് ഒപ്പം അണിചേരണമെന്ന ആഹ്വാനവും എഡിറ്റോറിയലിലുണ്ട്.
മയക്കുമരുന്നിന് എതിരായ നീക്കത്തിന് നടപടിയെടുത്ത സര്‍ക്കാരും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും അഭിനന്ദനം അര്‍ഹിക്കുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു. എന്നാല്‍ ഇപ്പോഴത്തെ നടപടി പുത്തനച്ചിപുരപ്പുറം തൂക്കുന്നത് പോലെ ആകരുതെന്നും യോഗനാദം എഡിറ്റോറിയലില്‍ വെള്ളാപ്പള്ളി ഓര്‍മപ്പെടുത്തുന്നുണ്ട്. സമര്‍ത്ഥരായ വിദ്യാര്‍ത്ഥികളെയും യുവാക്കളെയും ലഹരിക്കെണിയില്‍പ്പെടുത്തി മയക്കുമരുന്നുകള്‍ക്കടിമയാക്കി സാമ്പത്തിക ലാഭം കൊയ്യുന്ന അന്തര്‍ദേശീയ ബന്ധങ്ങളുള്ള സംഘങ്ങളാണ് ഇതിന് പിന്നിലെന്ന ആരോപണവുമുണ്ട്. അധോലോകവും വര്‍ഗീയ ശക്തികളും ഇതിനെ സാഹയിക്കുന്നുണ്ടെന്നും വെള്ളാപ്പള്ളി പറയുന്നു.



