കേരളത്തിന്റെ വൈദ്യുതി സുരക്ഷയ്ക്ക് വൻ കുതിപ്പ്… കായംകുളത്ത്….

ന്യൂഡൽഹി: സംസ്ഥാനത്ത് വർധിച്ചുവരുന്ന വൈദ്യുതി ആവശ്യകത പരിഹരിക്കുന്നതിനും ദീർഘകാല ഊർജസുരക്ഷ ഉറപ്പാക്കുന്നതിനുമായി എൻടിപിസിയുമായി നടത്തിയ ഉന്നതതല ചർച്ചയിൽ നിർണായക തീരുമാനങ്ങൾ. പുനരുപയോഗ ഊർജ സംഭരണം, അധിക വൈദ്യുതി ലഭ്യത, സാങ്കേതിക സഹകരണം തുടങ്ങിയ മേഖലകളിലാണ് കേരളവും എൻടിപിസിയും തമ്മിൽ ധാരണയായത്. ഊർജ സംഭരണ രംഗത്ത് നിർണായക ചുവടുവയ്പ്പായി കായംകുളത്ത് 2000 MWh ശേഷിയുള്ള വൻ ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം (BESS) സ്ഥാപിക്കാൻ തീരുമാനിച്ചു.

കെഎസ്ഇബി, എൻടിപിസി, എൻടിപിസി ഗ്രീൻ എനർജി ലിമിറ്റഡ് (NGEL) എന്നിവർ സംയുക്തമായാണ് പദ്ധതി നടപ്പാക്കുക. ഇതിനായുള്ള ധാരണാപത്രം ഉടൻ ഒപ്പുവെക്കും. ഇതിന് പുറമെ പോത്തൻകോട്, ശ്രീകണ്ഠപുരം എന്നിവിടങ്ങളിൽ 80 MWh വീതം ശേഷിയുള്ള BESS പദ്ധതികൾ 2027 മാർച്ചോടെ കമ്മീഷൻ ചെയ്യാനും ധാരണയായി. പുനരുപയോഗ ഊർജം കാര്യക്ഷമമായി സംഭരിച്ച് ആവശ്യസമയത്ത് ഉപയോഗപ്പെടുത്തുന്നതിനും പീക്ക് സമയങ്ങളിലെ വൈദ്യുതി പ്രതിസന്ധി ഒഴിവാക്കുന്നതിനും പദ്ധതികൾ സഹായകരമാകും. സംസ്ഥാനത്തിന്റെ അടിയന്തര വൈദ്യുതി ആവശ്യകത പരിഹരിക്കുന്നതിന്റെ ഭാഗമായി മഹാരാഷ്ട്രയിലെ എൻടിപിസി സിന്നർ പദ്ധതിയിൽ നിന്ന് 300 MW വരെ വൈദ്യുതി കേരളത്തിന് ലഭ്യമാക്കും. യൂണിറ്റിന് 5.18 രൂപ നിരക്കിലാണ് വൈദ്യുതി കൈമാറുക. അതേസമയം, കായംകുളത്ത് നിലവിലുള്ള 27 MW സോളാർ പദ്ധതിയുടെ തുടർനടപടികൾ വേഗത്തിലാക്കാനും തീരുമാനമായി. പദ്ധതിക്ക് ആവശ്യമായ പൂർണ സംസ്ഥാന സഹകരണം ഉറപ്പാക്കുമെന്നും യോഗത്തിൽ ധാരണയായി.

ദീർഘകാല വൈദ്യുതി ആവശ്യകത കണക്കിലെടുത്ത് സംസ്ഥാനത്തിനായി സമർപ്പിത വൈദ്യുതി നിലയം സ്ഥാപിക്കണമെന്ന ആവശ്യവും എൻടിപിസിക്ക് മുന്നിൽ കേരളം ഉന്നയിച്ചു. ഇതിന്റെ ഭാഗമായി രാമഗുണ്ടം പവർ പ്ലാന്റിൽ നിന്ന് ആവശ്യമായ വൈദ്യുതി ലഭ്യമാക്കുന്നതിനുള്ള പവർ പർച്ചേസ് കരാർ (PPA) ഒപ്പുവെക്കാൻ എൻടിപിസി സന്നദ്ധത അറിയിച്ചു. പദ്ധതികൾക്ക് പുറമെ കെഎസ്ഇബിയുടെ പ്രവർത്തനമികവ് വർധിപ്പിക്കുന്നതിനും എൻടിപിസിയുടെ പ്രൊഫഷണൽ വൈദഗ്ധ്യം പ്രയോജനപ്പെടുത്തും. മാനേജ്‌മെന്റ്, സാങ്കേതിക പ്രവർത്തനം, ആധുനിക വൈദ്യുതി മാനേജ്‌മെന്റ് സംവിധാനങ്ങൾ തുടങ്ങിയ മേഖലകളിൽ എൻടിപിസിയുടെ സാങ്കേതിക പിന്തുണ ലഭ്യമാക്കും. പുനരുപയോഗ ഊർജം കാര്യക്ഷമമായി സംഭരിച്ച് ആവശ്യാനുസരണം ഉപയോഗിക്കാനും പീക്ക് സമയങ്ങളിലെ വൈദ്യുതി പ്രതിസന്ധി ഒഴിവാക്കാനും ഈ പദ്ധതികൾ സംസ്ഥാനത്തിന് വലിയ കരുത്താകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

Related Articles

Back to top button