ഭക്ഷ്യവിഷബാധ…കോംബോ ഓഫർ ഷവർമയും ഷവായും കഴിച്ച 21 പേർ ആശുപത്രിയിൽ….

തിരുവനന്തപുരം കടയ്ക്കാവൂരിൽ സൂപ്പർ മാർക്കറ്റിനോട് ചേർന്ന് പ്രവർത്തിക്കുന്ന ഭക്ഷണശാലയിൽ നിന്ന് ഷവർമയും ഷവായും കഴിച്ച 21 പേർക്ക് ഭക്ഷ്യവിഷബാധയേറ്റു. കടയ്ക്കാവൂർ തെക്കുംഭാഗം എസ്.ആർ.വി എൽ.പി സ്കൂളിന് സമീപം പുതുതായി ആരംഭിച്ച ‘സിഗ്നേച്ചർ ഡിഷസ്’ എന്ന സ്ഥാപനത്തിൽ നിന്നാണ് ഇവർ ഭക്ഷണം കഴിച്ചത്. കടുത്ത ഛർദ്ദിയും വയറിളക്കവും അനുഭവപ്പെട്ടതിനെ തുടർന്ന് ഇവരെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലും കടയ്ക്കാവൂരിലെ രണ്ട് സ്വകാര്യ ആശുപത്രികളിലുമായി പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ലെന്നാണ് ലഭ്യമാകുന്ന വിവരം.

സംഭവത്തെ തുടർന്ന് രോഗികളുടെ ബന്ധുക്കൾ കടയ്ക്കാവൂർ പൊലീസിലും കടയ്ക്കാവൂർ ഗ്രാമപഞ്ചായത്ത് ഓഫീസിലും പരാതി നൽകി. തുടർന്ന് സ്ഥലത്തെത്തിയ ഭക്ഷ്യസുരക്ഷാ വിഭാഗം അധികൃതർ ഒട്ടേറെ നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് സ്ഥാപനം അടിയന്തരമായി അടച്ചുപൂട്ടി. ആവശ്യമായ ലൈസൻസോ മറ്റ് അനുമതികളോ ഇല്ലാതെയാണ് ഈ സ്ഥാപനം പ്രവർത്തിച്ചിരുന്നതെന്നും അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണ്.

Related Articles

Back to top button