മൂന്നാം തവണയും പിഎസ്സി ഓഫീസിൽ എസ്ഐടി….

തിരുവനന്തപുരം: ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ കൂടുതൽ ശക്തമായ നടപടികളിലേക്ക് കടന്ന് പോലീസ്. തിരുവനന്തപുരത്തെ പിഎസ്സി ആസ്ഥാനത്ത് ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം എത്തി വിശദമായ പരിശോധന നടത്തി. ക്രൈംബ്രാഞ്ച് എസ്പിയുടെ നേരിട്ടുള്ള നേതൃത്വത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥർ പിഎസ്സി ഓഫീസിലെത്തി പരീക്ഷാ രേഖകൾ പരിശോധിക്കുകയും വിവരങ്ങൾ ശേഖരിക്കുകയും ചെയ്തത്.
സംഭവവുമായി ബന്ധപ്പെട്ട് പരാതി നൽകിയ ഉദ്യോഗാർത്ഥികളുടെ വിശദമായ മൊഴി അന്വേഷണ സംഘം നേരത്തെ തന്നെ രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പിഎസ്സി ആസ്ഥാനത്തേക്ക് അന്വേഷണം നീണ്ടത്. കേസിൽ കൃത്യമായ അന്വേഷണം നടത്തി വരും ആഴ്ചകളിൽ തന്നെ അതായത് രണ്ടാഴ്ചയ്ക്കുള്ളിൽ പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കാനാണ് എസ്ഐടിയുടെ നീക്കം. ഈ പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും കുറ്റക്കാർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കണമോ എന്നതിൽ അന്തിമ തീരുമാനമെടുക്കുക.
പരീക്ഷാ ക്രമക്കേട് ആരോപണവുമായി ബന്ധപ്പെട്ട് ഇത് മൂന്നാം തവണയാണ് പ്രത്യേക അന്വേഷണ സംഘം പിഎസ്സി ആസ്ഥാനത്ത് പരിശോധനയ്ക്കെത്തുന്നത്. അന്വേഷണ സംഘത്തിന്റെ മേധാവിയായ ഐജി അജിതാ ബീഗം നേരത്തെ തന്നെ പിഎസ്സി ആസ്ഥാനത്ത് എത്തി ചെയർമാനുമായി വിശദമായ ആശയവിനിമയം നടത്തിയിരുന്നു. ആദ്യ സന്ദർശനത്തിൽ കേസിന് ആവശ്യമായ എന്തൊക്കെ രേഖകളാണ് വേണ്ടതെന്ന് പിഎസ്സി അധികൃതരെ അറിയിച്ചിരുന്നു. രണ്ടാം തവണ എത്തിയപ്പോൾ ആവശ്യമുള്ള രേഖകൾ ഏതെല്ലാമാണെന്ന് വ്യക്തമാക്കിക്കൊണ്ട് രേഖാമൂലമുള്ള കത്ത് നൽകിയാണ് സംഘം മടങ്ങിയത്.
എന്നാൽ ഇന്ന് അതിൽ നിന്നെല്ലാം വ്യത്യസ്തമായി രേഖകൾ നേരിട്ട് പരിശോധിക്കുന്നതിനും പിടിച്ചെടുക്കുന്നതിനുമായാണ് എസ്ഐടി എത്തിയത്. പരീക്ഷാ കൺട്രോളറുടെ ഓഫീസിലാണ് പ്രധാനമായും പരിശോധനകൾ നടന്നത്. ആസൂത്രണ ബോർഡ് ചീഫ് തസ്തികയിലേക്കുള്ള പരീക്ഷയുടെ റാങ്ക് പട്ടിക, ഉദ്യോഗാർത്ഥികളുടെ അഭിമുഖവുമായി ബന്ധപ്പെട്ട പ്രധാന രേഖകൾ എന്നിവയെല്ലാം പരിശോധിച്ചു. പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട പരമാവധി വിവരങ്ങൾ ഇവിടെ നിന്നും കണ്ടെത്താനാണ് എസ്ഐടിയുടെ ശ്രമം.
കെഎഎസ് പരീക്ഷയുമായി ബന്ധപ്പെട്ടതടക്കം ഒട്ടനവധി പരാതികളാണ് മുഖ്യമന്ത്രിയുടെ ഓഫീസിലേക്കും പോലീസിനും നിലവിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ അന്വേഷണം കൂടുതൽ മറ്റ് പരീക്ഷകളിലേക്കും വ്യാപിപ്പിക്കാനാണ് പോലീസ് ലക്ഷ്യമിടുന്നത്.



