സ്വർണ്ണക്കള്ളന്മാരെ പിടിക്കാൻ പോയ പോലീസിന് നേരെ….

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ സ്വർണ്ണപ്പണയ തട്ടിപ്പ് കേസിലെ പ്രതികളെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ പോലീസുകാർക്ക് നേരെ വധശ്രമം. നെയ്യാറ്റിൻകര പോലീസ് സ്റ്റേഷനിലെ സി.പി.ഒമാരായ നിതിൻ, ആന്റണി എന്നിവർ സഞ്ചരിച്ച ബൈക്കിലേക്ക് പ്രതികൾ മനഃപൂർവ്വം കാറിടിച്ചു കയറ്റുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് വീണു പരിക്കേറ്റ ഇരുവർക്കും നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി. മാറനല്ലൂർ അംബേദ്കർ കോളനിക്ക് സമീപം വെച്ചാണ് സംഭവം നടന്നത്.
സംഭവവുമായി ബന്ധപ്പെട്ട് ബാലരാമപുരം സ്വദേശിയായ സനോജ് എന്ന പ്രതിയെ നെയ്യാറ്റിൻകര പോലീസ് അതിവേഗം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബാങ്കിൽ പണയത്തിലിരിക്കുന്ന സ്വർണ്ണം കുറഞ്ഞ തുകയ്ക്ക് എടുത്തുനൽകാമെന്ന് വിശ്വസിപ്പിച്ച് സനോജും സംഘവും ചേർന്ന് ലക്ഷങ്ങളുടെ വൻ സാമ്പത്തിക തട്ടിപ്പ് നടത്തിയിരുന്നു. ഈ കേസിലെ പ്രതികളെ പിടികൂടാനായി ബൈക്കിൽ പിന്തുടരുന്നതിനിടയിലാണ് പോലീസുകാർക്ക് നേരെ ഈ ക്രൂരമായ ആക്രമണമുണ്ടായത്. ബാങ്ക് പണയ സ്വർണ്ണത്തിന്റെ പേരിൽ തട്ടിപ്പ് നടത്തിയ ശേഷം പ്രതികൾ നെയ്യാറ്റിൻകരയിൽ നിന്നും കാട്ടാക്കട ഭാഗത്തേക്ക് കാറിൽ അമിതവേഗതയിൽ രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു.
വിവരം അറിഞ്ഞ് ഇവരെ ബൈക്കിൽ പിന്തുടർന്ന സി.പി.ഒമാരായ നിതിനെയും ആന്റണിയെയും പ്രതികൾ വഴിയിൽ വെച്ച് മനഃപൂർവ്വം കാറിടിച്ച് വീഴ്ത്തുകയായിരുന്നു. പോലീസുകാരെ അപായപ്പെടുത്തിയ ശേഷം വണ്ടിയോടിച്ചു പോയ പ്രതികളെ പിന്തുടർന്ന് നടത്തിയ അതിവേഗ നീക്കത്തിനൊടുവിലാണ് സനോജിനെ പോലീസ് പൊക്കിയത്. ഈ തട്ടിപ്പ് കേസിലെ മുഖ്യപ്രതിയായ ശ്രീജിത്തിനെ പോലീസ് നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരുന്നു. സംഭവസ്ഥലത്ത് നിന്നും ഓടി രക്ഷപ്പെടാൻ ശ്രമിച്ച മറ്റ് പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. വധശ്രമത്തിന് ഉൾപ്പെടെ പ്രതികൾക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തി കേസെടുക്കുമെന്നാണ് സൂചന.



