ഫോൺ അടിച്ച് മാറ്റി വെയ്റ്റിംഗ് റൂമിൽ സുരക്ഷിതനായി ഇരുന്നു… ഒടുവിൽ കിട്ടിയത് എട്ടിന്റെ പണി…

കണ്ണൂർ: കോഴിക്കോട്-മംഗലാപുരം ട്രെയിനിൽ യാത്രക്കാരന്റെ മൊബൈൽ ഫോൺ തട്ടിയെടുത്ത് ഓടി രക്ഷപ്പെടാൻ ശ്രമിച്ച കുപ്രസിദ്ധ മോഷ്ടാവിനെ അതിവേഗ നീക്കത്തിലൂടെ കണ്ണൂർ റെയിൽവേ പോലീസ് പിടികൂടി. മാടായി സ്വദേശിയായ വിജു (37) ആണ് അറസ്റ്റിലായത്. കണ്ണൂർ റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്‌ഫോമും പരിസരവും കേന്ദ്രീകരിച്ച് സ്ഥിരമായി മോഷണം നടത്തുന്നയാളാണ് പിടിയിലായ വിജു എന്ന് പോലീസ് വ്യക്തമാക്കുന്നു.
ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു നാടകീയമായ സംഭവം നടന്നത്. കോഴിക്കോട് നിന്ന് മംഗലാപുരത്തേക്ക് പോവുകയായിരുന്ന ട്രെയിനിൽ കണ്ണൂരിൽ നിന്ന് കയറിയ കാസർകോട് സ്വദേശിയായ മധ്യവയസ്കന്റെ ഫോണാണ് വിജു തട്ടിയെടുത്തത്. യാത്രക്കാരൻ ഒരു കവറിലാക്കി സീറ്റിൽ വെച്ചിരുന്ന ഫോൺ കണ്ണൂരിൽ നിന്ന് തന്നെ ട്രെയിനിൽ കയറിയ വിജുവിന്റെ ശ്രദ്ധയിൽ പെടുകയായിരുന്നു. കണ്ണൂർ സ്റ്റേഷനിൽ നിന്നും ട്രെയിൻ പതുക്കെ മുന്നോട്ട് നീങ്ങാൻ തുടങ്ങിയതോടെ ഒട്ടും സമയം കളയാതെ വിജു ഈ ഫോൺ അടങ്ങിയ കവറുമെടുത്ത് പുറത്തേക്ക് ചാടി ഓടുകയായിരുന്നു. ഫോൺ നഷ്ടപ്പെട്ട ഉടൻ തന്നെ യാത്രക്കാരൻ റെയിൽവേ കൺട്രോൾ റൂമിലും റെയിൽവേ പോലീസിലും വിവരമറിയിച്ചു. തുടർന്ന് റെയിൽവേ പോലീസ് നടത്തിയ അതിവേഗ നീക്കങ്ങളാണ് പ്രതിയെ കൃത്യമായി കുടുക്കിയത്.
സൈബർ സെല്ലിന്റെ സഹായത്തോടെ കാണാതായ ഫോണിന്റെ ലൊക്കേഷൻ പരിശോധിച്ചപ്പോൾ അത് റെയിൽവേ സ്റ്റേഷൻ പരിസരത്ത് തന്നെ ഓൺ ആയിട്ടുണ്ടെന്ന് വ്യക്തമായി. മോഷ്ടാവ് കറുത്ത ടീ ഷർട്ടാണ് ധരിച്ചിരുന്നതെന്ന യാത്രക്കാരന്റെ കൃത്യമായ മൊഴി കൂടി ലഭിച്ചതോടെ സ്റ്റേഷൻ പരിസരത്ത് തിരച്ചിൽ നടത്തിയ പൊലീസിന് പ്രതിയെ തിരിച്ചറിയാൻ എളുപ്പമായി. തുടർന്ന് നടത്തിയ ശക്തമായ തിരച്ചിലിൽ, മോഷണം നടന്ന് രണ്ടര മണിക്കൂറിനകം അതായത് രാത്രി ഏഴരയോടെ റെയിൽവേ സ്റ്റേഷൻ പരിസരത്ത് വെച്ച് തന്നെ വിജുവിനെ പോലീസ് പൊക്കുകയായിരുന്നു. പ്രതിയെ ചോദ്യം ചെയ്തുവരികയാണെന്ന് റെയിൽവേ പോലീസ് അറിയിച്ചു.



