ഒടുവിൽ നഴ്‌സുമാരുടെ പോരാട്ടത്തിന് മുന്നിൽ മാനേജ്‌മെന്റ് മുട്ടുമടക്കി…

കണ്ണൂർ: രണ്ടുമാസത്തോളമായി കണ്ണൂർ കൊയിലി ആശുപത്രിയിൽ തുടർന്നുപോന്ന നഴ്‌സുമാരുടെ ശക്തമായ സമരം ഒടുവിൽ ഒത്തുതീർപ്പായി. നഴ്‌സുമാർ മുന്നോട്ടുവെച്ച ശമ്പള കരാറിൽ ആശുപത്രി മാനേജ്‌മെന്റ് ഒപ്പുവെച്ചതോടെയാണ് സമരം അവസാനിപ്പിച്ചത്. ഇന്ത്യൻ നഴ്സസ് അസോസിയേഷന്റെ (ഐ.എൻ.എ.) നേതൃത്വത്തിൽ മിനിമം വേതനം ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു നഴ്‌സുമാർ പണിമുടക്കിയത്.

വേതന വർധനവ് ആവശ്യപ്പെട്ട് കൊയിലി ആശുപത്രി ഉൾപ്പെടെ കണ്ണൂർ നഗരത്തിലെ ആറ് സ്വകാര്യ ആശുപത്രികളിലായിരുന്നു കഴിഞ്ഞ രണ്ട് മാസമായി നഴ്‌സുമാർ സമരം നടത്തിവന്നിരുന്നത്. മറ്റ് അഞ്ച് ആശുപത്രികളിലും സമരം നേരത്തെ തന്നെ ഒത്തുതീർപ്പായെങ്കിലും കൊയിലി ആശുപത്രി മാനേജ്മെന്റ് മാത്രം കരാറിൽ ഒപ്പിടാൻ തയ്യാറായിരുന്നില്ല. ഇതോടെയാണ് കൊയിലി ആശുപത്രിയിൽ മാത്രം സമരം നീണ്ടുപോയതും സമാനതകളില്ലാത്ത പ്രതിഷേധങ്ങൾക്ക് ആശുപത്രി സാക്ഷ്യംവഹിച്ചതും. സമരത്തിന്റെ 61-ാം ദിവസമായ കഴിഞ്ഞ ബുധനാഴ്ച ആശുപത്രിയിൽ വൻ നാടകീയരംഗങ്ങളും സംഘർഷവുമുണ്ടായിരുന്നു. ഒത്തുതീർപ്പ് ധാരണയിൽ ആശുപത്രി പ്രതിനിധികൾ ഒപ്പുവെക്കാത്തതിൽ പ്രതിഷേധിച്ച് മെഡിക്കൽ സൂപ്രണ്ട് ഡോ. പി.കെ. ഗംഗാധരനെ നഴ്‌സുമാർ തടയാൻ ശ്രമിച്ചു. ഇതിന് പിന്നാലെ ഡോ. വി. സുരേഷിന്റെ ഒ.പി.യും നഴ്‌സുമാർ പൂർണ്ണമായി ഉപരോധിക്കുകയുണ്ടായി.

ബുധനാഴ്ച രാവിലെ മുതൽ അധികൃതരുമായി ചർച്ചകൾ നടന്നിരുന്നെങ്കിലും വൈകീട്ടോടെയാണ് മാനേജ്മെന്റ് ഒത്തുതീർപ്പിന് സന്നദ്ധത പ്രകടിപ്പിച്ചത്. വ്യാഴാഴ്ച ആശുപത്രി അധികൃതർ ഒത്തുതീർപ്പ് ധാരണയിൽ ഔദ്യോഗികമായി ഒപ്പിടുമെന്ന ഉറപ്പ് ലഭിച്ചതോടെയാണ് ബുധനാഴ്ച വൈകീട്ട് ആറരയോടെ നഴ്‌സുമാർ ഉപരോധം അവസാനിപ്പിച്ചത്. തുടർന്ന് വ്യാഴാഴ്ച നിശ്ചയിച്ചപ്രകാരം മാനേജ്മെന്റ് കരാറിൽ ഒപ്പിടുകയും സമരം പൂർണ്ണമായി അവസാനിക്കുകയുമായിരുന്നു. തങ്ങളുടെ ആവശ്യങ്ങളെല്ലാം മാനേജ്‌മെന്റ് അംഗീകരിച്ചതായും, സമരത്തിന് പിന്തുണ നൽകിയ എല്ലാവർക്കും നന്ദി അറിയിക്കുന്നതായും നഴ്‌സുമാർ പ്രതികരിച്ചു.

Related Articles

Back to top button