ടാൽറോപ്പ് കൂട്ടപ്പിരിച്ചുവിടലിൽ ട്വിസ്റ്റ്… കമ്പനിയുടെ ആ വലിയ ആവശ്യം തള്ളി തൊഴിൽ വകുപ്പ്

കൊച്ചി: പ്രമുഖ സ്റ്റാർട്ടപ്പ് കമ്പനിയായ ടാൽറോപ്പിൽ നടന്ന കൂട്ടപ്പിരിച്ചുവിടലുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ നിർണായക വഴിത്തിരിവ്. ശമ്പള കുടിശ്ശിക തീർക്കുന്നതിനായി അടുത്ത ഒക്ടോബർ മാസം വരെ സമയം അനുവദിക്കണമെന്ന കമ്പനിയുടെ ആവശ്യം തൊഴിൽ വകുപ്പ് പൂർണ്ണമായി തള്ളിക്കളഞ്ഞു. കൊച്ചി തൊഴിൽ ഭവനിൽ ഡെപ്യൂട്ടി ലേബർ കമ്മീഷണർ കെ. എൽ. സതീഷ് കുമാറിന്റെ നേതൃത്വത്തിൽ നടന്ന ചർച്ചയിലാണ് നാടകീയമായ ഈ നീക്കങ്ങൾ ഉണ്ടായത്.
കമ്പനി നിലവിൽ വലിയ സാമ്പത്തിക നഷ്ടത്തിലാണെന്നും, അതിനാൽ കുടിശ്ശികയുള്ള ശമ്പളം ഇപ്പോൾ ഉടൻ നൽകാൻ സാധിക്കില്ലെന്നുമാണ് കമ്പനിയെ പ്രതിനിധീകരിച്ച് ചർച്ചയിൽ പങ്കെടുത്ത സിഇഒ ജോൺ ജോസഫ് അധികൃതരെ അറിയിച്ചത്. എന്നാൽ ഈ ആവശ്യത്തോട് കടുത്ത ഭാഷയിലാണ് തൊഴിൽ വകുപ്പ് പ്രതികരിച്ചത്. തൊഴിലാളികളുടെ അടിസ്ഥാന ആവശ്യമാണ് ശമ്പളമെന്നും അതിൽ യാതൊരു വിട്ടുവീഴ്ചയുമില്ലെന്നും വ്യക്തമാക്കിയ അഡീഷണൽ ലേബർ കമ്മീഷണർ, കുടിശ്ശിക ഉടൻ നൽകിയില്ലെങ്കിൽ റവന്യൂ റിക്കവറി അടക്കമുള്ള കടുത്ത നിയമനടപടികൾ കമ്പനി നേരിടേണ്ടി വരുമെന്ന് കനത്ത താക്കീത് നൽകി.
ടാൽറോപ്പ് പെട്ടെന്ന് നടത്തിയ കൂട്ടപ്പിരിച്ചുവിടൽ മൂലം 608-ഓളം തൊഴിലാളികളുടെ ജീവിതമാണ് വലിയ പ്രതിസന്ധിയിലായിരിക്കുന്നത്. കമ്പനിയിൽ നിലവിൽ ട്രേഡ് യൂണിയനുകൾ ഒന്നും തന്നെ പ്രവർത്തിക്കുന്നില്ലെന്ന് ചർച്ചയിൽ പങ്കെടുത്ത കെ. എം. സുനിൽ പ്രതികരിച്ചു. അതിനാൽ തൊഴിലാളികളുടെ പ്രശ്നങ്ങളും ആവശ്യങ്ങളും വിശദീകരിക്കാൻ ജീവനക്കാർ നേരിട്ടാണ് ചർച്ചയ്ക്ക് എത്തിയത്. തങ്ങൾക്ക് ജോലി തിരികെ വേണമെന്ന് ഒരു തൊഴിലാളി പോലും യോഗത്തിൽ ആവശ്യപ്പെട്ടില്ലെന്നും, മറിച്ച് തങ്ങൾക്ക് അർഹതപ്പെട്ട ശമ്പള കുടിശ്ശിക അടിയന്തരമായി ലഭ്യമാക്കണമെന്നാണ് ജീവനക്കാർ ഒരേസ്വരത്തിൽ ആവശ്യപ്പെട്ടതെന്നും സുനിൽ വ്യക്തമാക്കി.
ഇതിനുപുറമേ, കമ്പനിയിലെ ജീവനക്കാരെ മറ്റ് 21 സ്റ്റാർട്ടപ്പുകളിലേക്ക് മാറ്റിയ ടാൽറോപ്പിന്റെ നടപടി തികഞ്ഞ നിയമലംഘനമാണെന്ന് ചർച്ചയിൽ വിലയിരുത്തലുണ്ടായി. ഇതിന്റെ പശ്ചാത്തലത്തിൽ, നാളെ മുതൽ തന്നെ തൊഴിൽ വകുപ്പ് അധികൃതർ കമ്പനിയിൽ നേരിട്ടെത്തി കൃത്യമായ കണക്കെടുപ്പ് നടത്തും.



