ഈശ്വരന്റെ നാമത്തിൽ, ജനാധിപത്യത്തിന് വിജയം’.. ‘അവർ ചെയ്ത തെറ്റെന്താണ്?

സാങ്കേതികത്വങ്ങളുടെ മറപിടിച്ചോ രാഷ്ട്രീയ നാടകങ്ങളിലൂടെയോ ജനവിധിയെ അട്ടിമറിക്കാൻ ആർക്കും കഴിയില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഈശ്വരന്റെ നാമത്തിൽ, ജനാധിപത്യത്തിന് വിജയമെന്നും രാജീവ് ചന്ദ്രശേഖരൻ ഫെയ്‌സ്ബുക്കിൽ കുറിച്ചു. ‘ഹൈക്കോടതിയുടെ ഉത്തരവിനെത്തുടർന്ന്, തിരുവനന്തപുരം കോർപ്പറേഷനിലെ 19 ബി.ജെ.പി/എൻ.ഡി.എ കൗൺസിലർമാർ ഇന്ന് വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. ചില സാങ്കേതിക കാരണങ്ങൾ ഉന്നയിച്ച് ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ വിജയം അസാധുവാക്കാനും ജനവികാരം അട്ടിമറിക്കാനുമായിരുന്നു അവിശ്വാസികളായ സി.പി.എം ശ്രമിച്ചത്. അവർ ചെയ്ത തെറ്റെന്താണ്?. സത്യപ്രതിജ്ഞ ചെയ്തപ്പോൾ, ദൈവങ്ങളുടെയും ഭാരതമാതാവിന്റെയും നാമങ്ങൾ അഭിമാനത്തോടെ വിളിച്ചു ചൊല്ലി എന്നത് മാത്രം.തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ പുറത്താക്കാനുള്ള ഇടതുപക്ഷത്തിന്റെ ഗൂഢാലോചനയാണ് കോടതി വിധിയിലൂടെ പരാജയപ്പെട്ടത്.’

കാലഹരണപ്പെട്ട തങ്ങളുടെ പ്രത്യയശാസ്ത്രത്തെയും രാഷ്ട്രീയത്തെയും കേരള ജനത ആവർത്തിച്ച് തള്ളിക്കളഞ്ഞിട്ടും സി.പി.എം ഇനിയും ഒരു പാഠവും പഠിച്ചിട്ടില്ല. അനാവശ്യ വിവാദങ്ങൾ സൃഷ്ടിച്ച് യഥാർത്ഥ വിഷയങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിക്കുന്ന കാര്യത്തിൽ സി.പി.എമ്മും കോൺഗ്രസും ‘രണ്ടല്ല, ഒന്നാണ്’. ഇത്തരം വിലകുറഞ്ഞ നാടകങ്ങളിലൂടെയോ തന്ത്രങ്ങളിലൂടെയോ ബി.ജെ.പി/എൻ.ഡി.എയുടെ ശ്രദ്ധ തിരിക്കാമെന്ന് ആരും മോഹിക്കേണ്ടെന്ന് രാജീവ് ചന്ദ്രശേഖർ ഫെയ്‌സ് ബുക്കിൽ കുറിച്ചു.

Related Articles

Back to top button