48 മണിക്കൂർ ജയിലിൽ കഴിഞ്ഞാൽ സർക്കാർ ജീവനക്കാരന് സ്വാഭാവിക സസ്‌പെൻഷൻ

അറസ്റ്റ് ചെയ്യപ്പെട്ട് 48 മണിക്കൂറിലധികം ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന സർക്കാർ ജീവനക്കാരൻ സ്വാഭാവികമായും സസ്‌പെൻഷനിലായതായി കണക്കാക്കണമെന്ന് സുപ്രീം കോടതി. ഇതിനായി പ്രത്യേക സസ്‌പെൻഷൻ ഉത്തരവ് പുറപ്പെടുവിക്കേണ്ട ആവശ്യമില്ലെന്നും ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, മൻമോഹൻ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

ബിഹാറിലെ സദർ ആശുപത്രിയിൽ മാനേജരായിരുന്ന വിശ്വജീത് സിങ്ങിന്റെ ജാമ്യം പുനഃസ്ഥാപിച്ചുകൊണ്ടുള്ള ഉത്തരവിലാണ് സുപ്രീം കോടതിയുടെ നിർണായക നിരീക്ഷണം. കരാർ ജീവനക്കാരന് 36,421 രൂപയുടെ ശമ്പളക്കുടിശ്ശിക അനുവദിച്ചുനൽകാൻ 4,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന കേസിലാണ് വിശ്വജീത് അറസ്റ്റിലായത്. തുടർന്ന് 15 ദിവസം ജയിലിൽ കഴിയേണ്ടിവന്നിരുന്നു.

ജാമ്യം അനുവദിച്ച് ഏകദേശം ഒരു വർഷത്തിനുശേഷം അത് റദ്ദാക്കിയ പട്‌ന ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്താണ് വിശ്വജീത് സുപ്രീം കോടതിയെ സമീപിച്ചത്. ഹർജി പരിഗണിച്ച കോടതി ഹൈക്കോടതിയുടെ നടപടി റദ്ദാക്കുകയും ജാമ്യം പുനഃസ്ഥാപിക്കുകയും ചെയ്തു.

48 മണിക്കൂറിലധികം ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന പൊതുസേവകൻ സ്വാഭാവികമായും സസ്‌പെൻഷനിലായതായി കണക്കാക്കേണ്ടതാണെന്ന് കോടതി നിരീക്ഷിച്ചു. സർക്കാർ ജീവനക്കാരന്റെ കാര്യത്തിലും ഇതേ വ്യവസ്ഥ ബാധകമാണ്. ഇതിനായി പ്രത്യേക ഉത്തരവ് ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി.

Related Articles

Back to top button