പൊരിങ്ങൽക്കുത്ത് ഡാം തുറന്നു… ചാലക്കുടി പുഴയോരത്ത് ജാഗ്രത നിർദേശം

തൃശൂർ: പൊരിങ്ങൽക്കുത്ത് ഡാമിലെ ജലനിരപ്പ് ക്രസ്റ്റ് ലെവലായ 419.40 മീറ്ററിലെത്തിയ സാഹചര്യത്തിൽ ജലനിരപ്പ് നിയന്ത്രിക്കുന്നതിനായി ഡാമിന്റെ ക്രസ്റ്റ് ഗേറ്റുകൾ തുറന്നു. ഇതോടെ അധികജലം ചാലക്കുടി പുഴയിലേക്ക് ഒഴുകുന്നതിനാൽ പുഴയുടെ തീരപ്രദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി. ഡാമിൽ നിന്നുള്ള ജലഒഴുക്ക് വർധിക്കുന്നതിനാൽ ചാലക്കുടി പുഴയിലെ ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ട്. പുഴയോരങ്ങളിൽ താമസിക്കുന്നവരും താഴ്ന്ന പ്രദേശങ്ങളിലുള്ളവരും അധികൃതരുടെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും അനാവശ്യമായി പുഴയിലിറങ്ങുകയോ തീരത്ത് തങ്ങുകയോ ചെയ്യരുതെന്നും മുന്നറിയിപ്പിൽ പറയുന്നു.

അതേസമയം, സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുകയാണ്. നിലവിൽ പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ മഞ്ഞ അലർട്ടും നിലവിലുണ്ട്.

Related Articles

Back to top button