പൊലീസുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇനി RTI വഴി ലഭിക്കില്ല… തമിഴ്നാട് സർക്കാരിന്റെ…

തമിഴ്നാട്ടിൽ പൊലീസ് വകുപ്പുമായി ബന്ധപ്പെട്ട വിവരങ്ങൾ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കി സർക്കാർ വിജ്ഞാപനം. സെപ്റ്റംബർ 21നാണ് ഇതുസംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയത്. വിവരാവകാശ നിയമത്തിലെ വകുപ്പ് 24(4) പ്രകാരമാണ് നടപടി. ഇന്റലിജൻസ് ഉൾപ്പെടെയുള്ള ചില അതീവ സുരക്ഷാ വിഭാഗങ്ങളെ നേരത്തെ തന്നെ RTI പരിധിയിൽ നിന്ന് ഒഴിവാക്കിയിരുന്നു. എന്നാൽ പുതിയ വിജ്ഞാപനത്തിലൂടെ ബന്ധപ്പെട്ട പൊതുഭരണ വിഭാഗത്തെ കൂടുതൽ വിപുലമായി ഒഴിവാക്കുന്ന നടപടിയാണ് സ്വീകരിച്ചിരിക്കുന്നത്. തമിഴ്നാട് സർക്കാരിന് കീഴിലുള്ള ചില ഇന്റലിജൻസ്, സുരക്ഷാ സംഘടനകളെ RTIയിൽ നിന്ന് ഒഴിവാക്കാൻ വകുപ്പ് 24(4) അധികാരം നൽകുന്നുണ്ട്
മത-ജാതി സംഘർഷങ്ങൾ, രാഷ്ട്രീയ പ്രക്ഷോഭങ്ങൾ, ക്രമസമാധാനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ, കൂടാതെ COFEPOSA, NSA തുടങ്ങിയ നിയമങ്ങൾക്ക് കീഴിലുള്ള കരുതൽ തടങ്കൽ കേസുകൾ ഉൾപ്പെടെ നിരവധി അതീവ പ്രാധാന്യമുള്ള വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന വകുപ്പാണിതെന്നാണ് സർക്കാർ വിജ്ഞാപനത്തിലെ വിശദീകരണം. പൊലീസ് വെടിവെപ്പ്, പൊലീസ് കസ്റ്റഡിയിലെ മരണം, പൊലീസ് മർദനം, റിമാൻഡ് തടവുകാരുടെ മരണം തുടങ്ങിയ സംഭവങ്ങളിലെ അന്വേഷണ റിപ്പോർട്ടുകളും ഈ വിഭാഗവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഉൾപ്പെടുന്നു. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ പരാമർശങ്ങൾ, ക്രമസമാധാനവും വർഗീയ സംഘർഷങ്ങളും സംബന്ധിച്ച് കേന്ദ്ര സർക്കാരിന് നൽകുന്ന റിപ്പോർട്ടുകൾ, ലോക്സഭയിലെയും രാജ്യസഭയിലെയും ചോദ്യങ്ങൾക്ക് നൽകുന്ന മറുപടികൾ തുടങ്ങിയവയും വകുപ്പിന്റെ ചുമതലകളിൽ ഉൾപ്പെടുന്നു.
വിദ്യാർഥികൾ, കാർഷിക തൊഴിലാളികൾ, രാഷ്ട്രീയ പാർട്ടികൾ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പ്രക്ഷോഭങ്ങൾ കൈകാര്യം ചെയ്യുന്നതും വകുപ്പിന്റെ ചുമതലയാണ്. രാഷ്ട്രീയ കാരണങ്ങളാലോ വർഗീയ-ജാതി സംഘർഷങ്ങളുമായോ ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കണമെന്നാവശ്യപ്പെട്ടുള്ള അപേക്ഷകളും വകുപ്പ് പരിഗണിക്കുന്നു. അപകീർത്തികരമായ ലേഖനങ്ങൾ, വാർത്തകൾ, പ്രസംഗങ്ങൾ എന്നിവയുടെ പേരിൽ നിയമനടപടിക്ക് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളും ഇതിൽ ഉൾപ്പെടുന്നു. വകുപ്പ് 24 പ്രകാരമുള്ള ഒഴിവാക്കൽ എല്ലാ വിവരങ്ങൾക്കും പൂർണമായും ബാധകമാകില്ല. അഴിമതി ആരോപണങ്ങളുമായും മനുഷ്യാവകാശ ലംഘനങ്ങളുമായും ബന്ധപ്പെട്ട വിവരങ്ങൾക്ക് നിയമത്തിൽ പ്രത്യേക ഇളവുകൾ നിലനിൽക്കുന്നുണ്ട്. തമിഴ്നാട് സ്റ്റേറ്റ് ഇൻഫർമേഷൻ കമ്മീഷനും ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്.



