മന്ത്രി സഞ്ചരിക്കുന്ന വാഹനമാണ് മന്ത്രിയുടെ വാഹനം… പ്രചരിക്കുന്നത് എഐ നിർമിച്ച വ്യാജ ചിത്രം… മന്ത്രി

കോഴിക്കോട്: ആഡംബര വാഹന ഉപയോഗവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ വിശദീകരണവുമായി മന്ത്രി കെ എം ഷാജി. ആവശ്യമെങ്കിൽ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന് സർക്കാർ ഉത്തരവുണ്ടെന്നും മന്ത്രി വ്യക്തമാക്കി. വിവാദങ്ങൾക്കിടെ സ്വകാര്യ വാഹനം ഒഴിവാക്കി ഔദ്യോഗിക വാഹനത്തിലാണ് കെ എം ഷാജി വാർത്താസമ്മേളനത്തിന് എത്തിയത്. സുഹൃത്ത് നൽകിയ വാഹനമാണ് ഉപയോഗിച്ചതെന്നും അതിന് പിന്നിൽ ഏതെങ്കിലും തരത്തിലുള്ള പ്രത്യുപകാരം പ്രതീക്ഷിച്ചിരുന്നില്ലെന്നും മന്ത്രി പറഞ്ഞു. “എന്തെങ്കിലും ഉപകാരം ചെയ്യാതെ എന്തിനാണ് എന്നെ സഹായിക്കുന്നത് എന്ന് ചിന്തിക്കുന്നത് ചിന്തിക്കുന്നവരുടെ മനസിന്റെ കുഴപ്പമാണ്” എന്നും അദ്ദേഹം പ്രതികരിച്ചു.

അനുമതിയില്ലാതെ യാത്ര ചെയ്തുവെന്ന തരത്തിലുള്ള പ്രചാരണവും മന്ത്രി തള്ളി. കൂർഗിലേക്ക് പോകാൻ മാത്രമാണ് അനുമതി നൽകിയതെന്ന തരത്തിലുള്ള പ്രചാരണങ്ങളുണ്ടായെന്നും എന്നാൽ വിഷയത്തിൽ “ഞെട്ടിക്കുന്ന വാർത്തയൊക്കെ ഉണ്ട്, പക്ഷേ സ്‌കോപ്പില്ല” എന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം. സർക്കാർ വാഹനങ്ങളുടെ ഉപയോഗവുമായി ബന്ധപ്പെട്ട പൊതുധാരണയെക്കുറിച്ചും കെ എം ഷാജി പ്രതികരിച്ചു. മന്ത്രിമാർ പൊതുമുതൽ പാഴാക്കരുതെന്നും ഔദ്യോഗിക ആനുകൂല്യങ്ങൾ വ്യക്തിപരമായ ആവശ്യങ്ങൾക്ക് ഉപയോഗിക്കരുതെന്നുമാണ് പൊതുബോധമെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ സ്വകാര്യ വാഹനം സർക്കാർ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിൽ തെറ്റില്ലെന്നാണ് മന്ത്രിയുടെ നിലപാട്. “സർക്കാർ വാഹനങ്ങൾ പേഴ്സണൽ കാര്യങ്ങൾക്ക് ഉപയോഗിക്കരുത്. എന്നാൽ പേഴ്സണൽ കാർ സർക്കാർ കാര്യങ്ങൾക്ക് ഉപയോഗിക്കാം. മന്ത്രി സഞ്ചരിക്കുന്ന വാഹനമാണ് മന്ത്രിയുടെ വാഹനം,” അദ്ദേഹം പറഞ്ഞു.

റേഞ്ച് റോവറിന് മുന്നിൽ കെ എം ഷാജി നിൽക്കുന്ന തരത്തിലുള്ള ചിത്രം പ്രചരിച്ചതിനെതിരെയും മന്ത്രി രംഗത്തെത്തി. പ്രചരിച്ച ചിത്രം എഐ ഉപയോഗിച്ച് നിർമിച്ച വ്യാജ ചിത്രമാണെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. ചിത്രത്തിൽ കാറിന് മുന്നിൽ താൻ നിൽക്കുന്ന രീതിയെയാണ് പരിഹസിക്കുന്നതെന്നും മന്ത്രി പറഞ്ഞു. “ഇതെന്തൊരു അഹങ്കാരമുള്ള നിൽപ്പാണ്” എന്ന തരത്തിലുള്ള വിമർശനങ്ങളെയും അദ്ദേഹം ചോദ്യം ചെയ്തു. ഇത്തരത്തിൽ നിൽക്കുന്ന തന്റെ യഥാർഥ ചിത്രം കോഴിക്കോട് മാധ്യമപ്രവർത്തകർക്ക് കാണിക്കാനാകുമോയെന്നും മന്ത്രി ചോദിച്ചു. ചിത്രം വ്യാജമാണോ എന്ന് അന്വേഷിക്കാനുള്ള മാന്യത പോലും കാണിച്ചില്ലെന്നും അദ്ദേഹം വിമർശിച്ചു.

തന്റെ ജീവിതശൈലിയെക്കുറിച്ചും കെ എം ഷാജി പ്രതികരിച്ചു. താൻ നേരത്തെ തന്നെ ലാവിഷായി ജീവിച്ചിരുന്ന ആളാണെന്നും മന്ത്രിയായതോടെ തന്റെ ജീവിതത്തിലെ കാര്യങ്ങൾ കൂടുതൽ ശ്രദ്ധിക്കപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. വാഹന ഉപയോഗവുമായി ബന്ധപ്പെട്ട ആരോപണങ്ങളും റേഞ്ച് റോവർ ചിത്രവുമായി ബന്ധപ്പെട്ട പ്രചാരണങ്ങളും രാഷ്ട്രീയ-മാധ്യമ ചർച്ചകളിൽ തുടരുന്നതിനിടെയാണ് മന്ത്രിയുടെ വിശദീകരണം.

Related Articles

Back to top button