‘ഓപ്പറേഷൻ കണ്ണൂർ മഖ്ന’… ആറളത്തെ മോഴയെ തളയ്ക്കാൻ വിക്രമും ഭരതും

ഇരിട്ടി: ആറളം ഫാമിലും പുനരധിവാസ മേഖലയിലും ഭീഷണിയായ മോഴയാനയെ പിടികൂടാനുള്ള ദൗത്യത്തിന് തുടക്കം. മോഴയെ മയക്കുവെടിവെച്ച് തളയ്ക്കുന്നതിനായി മുത്തങ്ങ ആന ക്യാമ്പിൽ നിന്നുള്ള കുങ്കിയാനകളായ വിക്രമും ഭരതും ആറളത്ത് എത്തി. ‘ഓപ്പറേഷൻ കണ്ണൂർ മഖ്ന’ എന്ന പേരിലാണ് മോഴയാനയെ പിടികൂടാനുള്ള ദൗത്യം. മുത്തങ്ങയിലെ ആനക്കൊട്ടിലിൽ ആനയെ പിടികൂടിയശേഷം പാർപ്പിക്കുന്നതിനുള്ള ക്രാൾ സംവിധാനവും സജ്ജമാക്കിയിട്ടുണ്ട്.

കഴിഞ്ഞ രാത്രിയാണ് വിക്രമിനെയും ഭരതിനെയും ആറളം വന്യജീവി സങ്കേതത്തിനുള്ളിലെ വളയംചാലിൽ എത്തിച്ചത്. മറ്റൊരു കുങ്കിയാനയെ കൂടി എത്തിക്കാനുള്ള ശ്രമം വനംവകുപ്പ് തുടരുകയാണ്. അരിക്കൊമ്പൻ ദൗത്യത്തിൽ പ്രധാന പങ്കുവഹിച്ച വിക്രമും നിരവധി ആനപിടിത്ത ദൗത്യങ്ങളിൽ പങ്കെടുത്ത ഭരതുമാണ് നിലവിൽ ആറളത്തെത്തിയിരിക്കുന്നത്. മൂന്നാമതൊരു കുങ്കിയാനയെ കൂടി എത്തിക്കാനാണ് ശ്രമം. മോഴയാനയെ കണ്ടെത്തുന്നതിനായി വനംവകുപ്പിന്റെ ദ്രുതകർമസേനയുടെ നിരീക്ഷണം തുടരുകയാണ്. ആനയെ കണ്ടെത്തി മയക്കുവെടിവെക്കാൻ അനുയോജ്യമായ സ്ഥലം ഉറപ്പാക്കിയാൽ വിദഗ്ധ സംഘത്തിന്റെ നേതൃത്വത്തിൽ തുടർനടപടികൾ ആരംഭിക്കും.

മോഴയെ കണ്ടെത്തി മയക്കുവെടിവെക്കാൻ അനുകൂല സാഹചര്യം ലഭിച്ചാൽ രണ്ടുദിവസത്തിനകം ദൗത്യം ആരംഭിക്കുമെന്ന് ആറളം വൈൽഡ് ലൈഫ് വാർഡൻ അറിയിച്ചു. മോഴയെ മയക്കുവെടിവെച്ച് പിടികൂടാനുള്ള ഉത്തരവ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഒന്നരമാസം മുമ്പ് പുറപ്പെടുവിച്ചിരുന്നു. ഇതിനുശേഷം പ്രത്യേക സംഘം ആറളത്ത് ക്യാമ്പ് ചെയ്ത് മോഴയെ നിരീക്ഷിച്ചെങ്കിലും ആന തുടർച്ചയായി സ്ഥലം മാറി സഞ്ചരിച്ചതോടെ ദൗത്യം നീളുകയായിരുന്നു. ഓണത്തിന് മുമ്പ് ദൗത്യം പൂർത്തിയാക്കാനായിരുന്നു നേരത്തെ ലക്ഷ്യമിട്ടിരുന്നത്. എന്നാൽ മോഴയെ കണ്ടെത്താൻ കഴിയാതിരുന്നതിനെ തുടർന്ന് പദ്ധതി നീണ്ടുപോയി.

വയനാട്ടിൽ ജനവാസകേന്ദ്രങ്ങളിലും കൃഷിയിടങ്ങളിലും പ്രശ്നമുണ്ടാക്കിയ കല്ലൂർക്കൊമ്പനെ 2016 നവംബർ 22ന് മയക്കുവെടിവെച്ച് പിടികൂടിയിരുന്നു. പിന്നീട് കൂട്ടിൽനിന്ന് പുറത്തിറക്കി ‘ഭരത്’ എന്ന പേരിൽ കുങ്കിയാനയാക്കി. അക്രമസ്വഭാവം പ്രകടിപ്പിച്ച വടക്കനാട് കൊമ്പനെയും 2019 മാർച്ച് 11ന് മയക്കുവെടിവെച്ച് പിടികൂടി. പിന്നീട് ‘വിക്രം’ എന്ന് പേരിട്ട് കുങ്കിയാനയാക്കി. അരിക്കൊമ്പനെ തളയ്ക്കാനുള്ള ദൗത്യത്തിലും വിക്രം പ്രധാന പങ്കുവഹിച്ചിരുന്നു. ആറളത്ത് നിരവധി പ്രശ്നങ്ങൾക്ക് കാരണമായ മോഴയെ പിടികൂടാനുള്ള നീക്കത്തിലാണ് ഇപ്പോൾ ഈ കുങ്കിയാനകളെയും രംഗത്തിറക്കിയിരിക്കുന്നത്.

Related Articles

Back to top button