ശിവസൂര്യയുടെ തിരോധാനം… അന്വേഷണം ക്രൈംബ്രാഞ്ചിലേക്ക്

കണ്ണൂർ: ചൊക്ലിയിലെ 17കാരൻ ശിവസൂര്യയുടെ തിരോധാനത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് നിർദേശം. രമേശ് ചെന്നിത്തല ക്രൈംബ്രാഞ്ച് മേധാവിയെ ഫോണിൽ വിളിച്ചാണ് അന്വേഷണത്തിന് നിർദേശം നൽകിയത്. ശിവസൂര്യയെ കണ്ടെത്താൻ അന്വേഷണം ആവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റി പരാതി നൽകിയതിന് പിന്നാലെയാണ് നടപടി. കഴിഞ്ഞ മാസം എട്ടിനാണ് ശിവസൂര്യ വീടുവിട്ടത്. കാശിയിലേക്ക് പോകുന്നുവെന്ന് എഴുതിയ കുറിപ്പ് വീട്ടിൽ വച്ച ശേഷമായിരുന്നു കുട്ടിയെ കാണാതായത്. മൊബൈൽ ഫോൺ വാങ്ങിവച്ചതിന്റെ പേരിലാണ് ശിവസൂര്യ വീട് വിട്ടതെന്നാണ് ബന്ധുക്കൾ പറയുന്നത്.
ശിവസൂര്യയെ കണ്ടെത്താൻ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ തിരച്ചിൽ നടത്തിയെങ്കിലും ഇതുവരെ സൂചനകളൊന്നും ലഭിച്ചിട്ടില്ല. ഒരു സിസിടിവിയിലും കുട്ടിയുടെ ദൃശ്യം ലഭിച്ചിട്ടില്ലെന്നാണ് ബന്ധു ബബിജ പറയുന്നത്. എല്ലാ സിസിടിവി ദൃശ്യങ്ങളും വീണ്ടും പരിശോധിക്കണമെന്നും കുട്ടിയെ ആരെങ്കിലും കൊണ്ടുപോയതാകാമെന്നും ബബിജ പറഞ്ഞു. കാശിയിലേക്ക് പോകുമെന്ന് ശിവസൂര്യ എഴുതിയ കുറിപ്പ് ആരുടെയെങ്കിലും പ്രേരണയിലാകാമെന്നും ബന്ധു സംശയം പ്രകടിപ്പിച്ചു. ശിവസൂര്യ പതിവായി ക്ഷേത്രങ്ങളിൽ പോകുന്നയാളല്ലെന്നും അധികം സുഹൃത്തുക്കളുമില്ലെന്നും ബബിജ പറഞ്ഞു. എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ മിടുക്കനായ വിദ്യാർഥിയാണ് ശിവസൂര്യയെന്നും ബന്ധു വ്യക്തമാക്കി. വീട്ടിൽ കുട്ടിയുടെ അച്ഛൻ സ്വാഭാവികമായി പറഞ്ഞിരുന്ന കാര്യങ്ങൾ ശിവസൂര്യ ഈ രീതിയിൽ മനസ്സിലാക്കുമെന്ന് കരുതിയിരുന്നില്ലെന്നും ബബിജ പറഞ്ഞു.
ശിവസൂര്യയെ തേടി വാരണാസിയിലേക്ക് പോയ പൊലീസ് സംഘം ഒരാഴ്ച പരിശോധന നടത്തിയ ശേഷം മടങ്ങിയിരുന്നു. എന്നാൽ അവിടെനിന്നും കുട്ടിയെക്കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചില്ല. മലയാളി അസോസിയേഷൻ പ്രവർത്തകരും അന്വേഷണ സംഘത്തെ സഹായിച്ചിരുന്നു. നിലവിൽ പ്രത്യേക സംഘം രൂപീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. തലശേരി എഎസ്പി ഡോ. എം. നന്ദഗോപന്റെ മേൽനോട്ടത്തിലാണ് അന്വേഷണം. ചൊക്ലി എസ്ഐ ആർ. രാഗേഷിനാണ് അന്വേഷണ ചുമതല. എട്ട് പേരാണ് പ്രത്യേക അന്വേഷണ സംഘത്തിലുള്ളത്. 49 ദിവസം പിന്നിട്ടിട്ടും ശിവസൂര്യയെക്കുറിച്ച് വ്യക്തമായ വിവരം ലഭിക്കാത്ത സാഹചര്യത്തിലാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറാനുള്ള നിർദേശം.




