‘ദയവായി ക്ഷമിക്കണം, പ്രതിഷേധിക്കാൻ ഇനിയും സമയമുണ്ട്’… ആഭ്യന്തരമന്ത്രി

തിരുവനന്തപുരം: സർക്കാരിനെതിരെ പ്രതിപക്ഷ വിദ്യാർഥി-യുവജന സംഘടനകൾ നടത്തുന്ന പ്രതിഷേധത്തിനെതിരെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സർക്കാർ അധികാരത്തിലെത്തി 100 ദിവസം മാത്രമായിരിക്കെ ഇത്ര വലിയ സമരം നടത്തുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്ന് ചെന്നിത്തല പരിഹസിച്ചു. പ്രതിഷേധിക്കാൻ ഇനിയും സമയമുണ്ടെന്നും ദയവായി ക്ഷമിക്കണമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ പത്ത് വർഷക്കാലം ഈ സംഘടനകളെയൊന്നും കണ്ടിട്ടില്ലെന്നും വിദ്യാർഥികളുടെ ഏത് ആവശ്യമാണ് ഇപ്പോൾ ഹനിക്കപ്പെട്ടതെന്നും ചെന്നിത്തല ചോദിച്ചു. ‘എന്തിനാണ് വിദ്യാർഥികളെ പ്രതിഷേധത്തിനായി ഇളക്കിവിടുന്നത്?’ എന്നും അദ്ദേഹം ചോദിച്ചു.
അതേസമയം, നിയമസഭാ മാർച്ചിനിടെ പൊലീസ് നടത്തിയ ജലപീരങ്കി പ്രയോഗത്തെയും ആഭ്യന്തരമന്ത്രി ന്യായീകരിച്ചു. പൊലീസിന് നേരെ ആക്രമണങ്ങളും ആക്രോശങ്ങളും ഉണ്ടാകുമ്പോഴുള്ള സ്വാഭാവിക നടപടിയാണിതെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ആദ്യമായല്ല ജലപീരങ്കി പ്രയോഗിക്കുന്നതെന്നും കഴിഞ്ഞ പത്ത് വർഷമായി ഉപയോഗിക്കുന്ന അതേ വെള്ളം തന്നെയാണ് ഇപ്പോഴും ഉപയോഗിക്കുന്നതെന്നും ചെന്നിത്തല വ്യക്തമാക്കി. ജലപീരങ്കിക്കായി ഉപയോഗിച്ച വെള്ളത്തിന്റെ നിറം ഉൾപ്പെടെ ചൂണ്ടിക്കാട്ടി പ്രതിപക്ഷം പൊലീസിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വെള്ളത്തിന്റെ ശാസ്ത്രീയ പരിശോധനാ ഫലം പുറത്തുവന്നത്. ജലപീരങ്കിക്കായി ഉപയോഗിച്ച വെള്ളത്തിൽ അണുബാധയില്ലെന്നാണ് കെമിക്കൽ ലാബിന്റെ പരിശോധനാ റിപ്പോർട്ട്. വെള്ളത്തിൽ ഇരുമ്പിന്റെ അംശം മാത്രമാണ് കണ്ടെത്തിയതെന്നാണ് റിപ്പോർട്ടിലുള്ളത്. പരിശോധനാ ഫലം ആഭ്യന്തരവകുപ്പ് മന്ത്രിക്ക് കൈമാറിയിരുന്നു.



