‘വീട്ടിൽ ഒതുങ്ങേണ്ടവരല്ല സ്ത്രീകൾ, പുരോഗമന കേരളത്തിന് ചേർന്നതല്ല’…. കാന്തപുരത്തെ തള്ളി മുഖ്യമന്ത്രി

തിരുവനന്തപുരം: കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ വിവാദ സ്ത്രീവിരുദ്ധ പരാമർശത്തിൽ പരസ്യമായി വിയോജിപ്പ് രേഖപ്പെടുത്തി മുഖ്യമന്ത്രി വി ഡി സതീശൻ. കാന്തപുരത്തിന്റെ പ്രസ്താവനയോട് യോജിപ്പില്ലെന്ന് വാർത്താസമ്മേളനത്തിൽ സതീശൻ വ്യക്തമാക്കി. ഇത്തരം നിലപാടുകൾ പുരോഗമന കേരളത്തിന് ചേർന്നതല്ലെന്നും ഇത്തരം പ്രസ്താവനകളോട് ശക്തമായ എതിർപ്പുണ്ടെന്നും സതീശൻ പറഞ്ഞു. ഇത്തരം പരാമർശങ്ങൾ ഇസ്ലാമിനെ പോലും തെറ്റായി വ്യാഖ്യാനിക്കുന്ന സാഹചര്യമുണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നബിദിന റാലിയുടെ ഭാഗമായി എത്തിയ ആൾക്കൂട്ടത്തിൽ പല ഇടങ്ങളിലും സ്ത്രീകളുടെ സാന്നിധ്യമുണ്ടായതാണ് കാന്തപുരത്തെയും അദ്ദേഹം നേതൃത്വം നൽകുന്ന ജംഇയ്യത്തുൽ ഉലമയെയും പ്രകോപിപ്പിച്ചതെന്നാണ് റിപ്പോർട്ടുകൾ. സ്ത്രീകളെ പ്രദർശിപ്പിക്കരുത് തുടങ്ങിയ പരാമർശങ്ങളാണ് കാന്തപുരം നേതൃത്വം നൽകുന്ന സംഘടനയുടെ സർക്കുലറിൽ ഉണ്ടായിരുന്നത്. അതേസമയം, വിഷയത്തിൽ കാന്തപുരത്തെ പൂർണമായി തള്ളാതെയാണ് മുസ്ലിം ലീഗ് അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ പ്രതികരണം. കാന്തപുരത്തിന്റെ പരാമർശം സ്ത്രീസുരക്ഷ മുൻനിർത്തിയുള്ളതാകാമെന്നും ഇന്നത്തെ കാലത്ത് സ്ത്രീകൾ വേട്ടയാടപ്പെടുന്ന സാഹചര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സാമൂഹിക സാഹചര്യങ്ങളെയായിരിക്കാം കാന്തപുരം ഉദ്ദേശിച്ചതെന്നും അത് ഒരു മതപണ്ഡിതന്റെ അഭിപ്രായമാണെന്നും സാദിഖലി ശിഹാബ് തങ്ങൾ വ്യക്തമാക്കി. സമൂഹത്തിന്റെ നന്മയ്ക്ക് വേണ്ടിയുള്ള അഭിപ്രായത്തോട് ചേർന്നുനിൽക്കുക എന്നതാണ് ലീഗ് നിലപാടെന്നും അദ്ദേഹം പറഞ്ഞു. കാന്തപുരത്തിന്റെ നിലപാടിനെ കോൺഗ്രസ് നേതാക്കളും മന്ത്രിമാരും ഉൾപ്പെടെയുള്ളവർ വിമർശിച്ച സാഹചര്യത്തിലാണ് വിഷയത്തിൽ ലീഗ് സ്വീകരിക്കുന്ന നിലപാടും ശ്രദ്ധേയമാകുന്നത്. ഇതോടെ വിവാദ പരാമർശം കേരളത്തിലെ രാഷ്ട്രീയ-സാമൂഹിക രംഗത്തും പുതിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.


