ചേന്തിയിലെത്തിയത് പരിപാടിക്കല്ല… ‘വഴിയിൽ നേതാക്കളെ കണ്ടാണ് ഇറങ്ങിയത്’…. മുഖ്യമന്ത്രി

തിരുവനന്തപുരം: ചേന്തിയിലെ ശ്രീനാരായണ ജയന്തി പരിപാടിയുമായി ബന്ധപ്പെട്ട വിവാദത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി. പരിപാടിയിലേക്ക് തന്നെ ക്ഷണിച്ചിരുന്നുവെന്നും എന്നാൽ പരിപാടി സംഘടിപ്പിക്കുന്നയാൾക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്ന് അവിടെയുള്ള പ്രവർത്തകർ അറിയിക്കുകയും പിന്നീട് പൊലീസ് റിപ്പോർട്ട് ലഭിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ രണ്ടാഴ്ച മുൻപേ തന്നെ പരിപാടിയിൽ പങ്കെടുക്കേണ്ടതില്ലെന്ന് തീരുമാനിച്ചിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചെമ്പഴന്തിയിലേക്ക് പോകുന്ന വഴിയിൽ ചേന്തിയിൽ നേതാക്കളും പ്രവർത്തകരും നിൽക്കുന്നത് കണ്ടതോടെയാണ് വാഹനം നിർത്തി ഇറങ്ങിയതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ആരും തന്നെ തടഞ്ഞിട്ടില്ലെന്നും പുഷ്പാർച്ചന നടത്തണമെന്ന് പറഞ്ഞപ്പോഴാണ് ഇറങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. അതിനിടെയാണ് കുറ്റാരോപിതനായ വ്യക്തി മോശമായി സംസാരിച്ചത്. അവിടെ കൂടുതൽ പ്രശ്നമുണ്ടാക്കേണ്ടതില്ലെന്ന് കരുതി തിരികെ പോരുകയായിരുന്നുവെന്നും പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ചേന്തി അനിലിനെ വ്യക്തിപരമായി അറിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അദ്ദേഹത്തിന്റെ ഭാര്യയും മുൻ കൗൺസിലറുമായിരുന്ന വ്യക്തി മരിച്ചപ്പോൾ വീട്ടിൽ പോയിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. വന്ദേമാതരം മുഴുവൻ ആലപിക്കേണ്ടതില്ലെന്നതാണ് കോൺഗ്രസിന്റെയും സർക്കാരിന്റെയും നിലപാടെന്നും മുഖ്യമന്ത്രി പറഞ്ഞു. സർക്കാർ പരിപാടികളിൽ വന്ദേമാതരം പൂർണമായി ആലപിക്കില്ല. അതേസമയം, ഉപരാഷ്ട്രപതിയും ഗവർണറും പങ്കെടുക്കുന്ന പരിപാടികളിൽ അവരുടെ പ്രോട്ടോക്കോൾ അനുസരിച്ചാണ് വന്ദേമാതരം പൂർണമായി ആലപിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.



