പിണറായി വിജയൻ വീണ്ടും വരണം…. യുഡിഎഫ് അധികാരത്തിൽ വന്നാൽ മതാധിപത്യവും ലീഗ് ഭരണവുമായിരിക്കുമെന്ന് വെള്ളാപ്പള്ളി നടേശൻ

ആലപ്പുഴ: എക്സിറ്റ് പോൾ ഫലങ്ങൾ എല്ലായ്പ്പോഴും ശരിയല്ലെന്നും നാലാം തീയതി വരെ കാത്തിരിക്കാമെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എൽഡിഎഫ് ചെറിയ ഭൂരിപക്ഷത്തിലെങ്കിലും അധികാരത്തിൽ വരുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ ഒരു ശുദ്ധനാണെന്നും, എന്നാൽ അദ്ദേഹത്തിന്റെ ഓഫീസ് ശരിയല്ലെന്നതാണ് പ്രശ്നമെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.

ഇടതുപക്ഷത്തിന്റെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ചില പാളിച്ചകളുണ്ടായിട്ടുണ്ടെന്നും സ്ഥാനാർത്ഥി നിർണയം (പ്രത്യേകിച്ച് ആലപ്പുഴയിൽ) പിഴച്ചെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. ന്യൂനപക്ഷ വോട്ടുകൾ എൽഡിഎഫിന് വിചാരിച്ചതുപോലെ ലഭിച്ചില്ല. താഴെത്തട്ടിലെ അണികൾ സജീവമായിരുന്നില്ല. എങ്കിലും ഇടതുപക്ഷം തോറ്റാൽ ജനാധിപത്യം തോറ്റ് മതാധിപത്യം ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫിൽ ആര് മുഖ്യമന്ത്രിയാകണമെന്ന് തീരുമാനിക്കുന്നത് കോൺഗ്രസാണെന്നും അതിൽ ലീഗ് ഇടപെടരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ലീഗ് ആവശ്യപ്പെടുന്നത് യുഡിഎഫ് അധികാരത്തിൽ വന്നാൽ ലീഗ് ഭരിക്കുമെന്നതിന്റെ തെളിവാണ്. മലപ്പുറം ലീഗിന്റെ രാജ്യമല്ലെന്നും വെള്ളാപ്പള്ളി തുറന്നടിച്ചു.

കെ.സി വേണുഗോപാൽ, വി.ഡി സതീശൻ, രമേശ് ചെന്നിത്തല എന്നിവർ പരവശരായി നടക്കുകയാണെന്നും, കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനത്തിനുവേണ്ടി ഹോമവും തുലാഭാരവും നടത്തുന്നവരാണെന്നും അദ്ദേഹം പരിഹസിച്ചു. കേരളത്തിൽ ബിജെപി നല്ല പ്രകടനം കാഴ്ചവെച്ചിട്ടുണ്ടെന്നും, രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വം മികച്ചതാണെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു. വോട്ട് വിഹിതം വർദ്ധിപ്പിക്കുന്ന ബിജെപി ഇരു മുന്നണികൾക്കും തിരിച്ചടിയാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

Related Articles

Back to top button