സസ്പെൻഷന് പിന്നാലെയും സർക്കാരിനെതിരെ ആഞ്ഞടിച്ച് ഡോ. ബി. അശോക്… പ്രതികാര നടപടിയെന്ന് പ്രതികരണം

തിരുവനന്തപുരം: സസ്പെൻഷൻ നടപടിക്ക് പിന്നാലെയും സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ ഡോ. ബി. അശോക്. സർക്കാരിന്റെ ഭാഗത്തുനിന്നുള്ള പ്രതികാര നടപടിയാണ് സസ്പെൻഷനെന്നും, ഇതിനെതിരെ കോടതിയെ സമീപിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സർക്കാരിന് സ്തുതി പാടാൻ തനിക്ക് കഴിയില്ല. സസ്പെൻഷൻ ഉത്തരവ് മേശപ്പുറത്തിരിക്കട്ടെ, അതിനെ തള്ളിക്കളയുന്നു. പുതിയ സർക്കാർ വരുമ്പോൾ കാര്യങ്ങൾ ശരിയായിക്കോളും. സർക്കാരുമായുള്ള ഏറ്റുമുട്ടലിൽ പരാജയപ്പെട്ടപ്പോൾ പോകുന്ന പോക്കിന് ശത്രുവിന് നേരെ വെടിയുതിർത്തതാണ് ഈ നടപടിയെന്നും അദ്ദേഹം പരിഹസിച്ചു. ഒന്നാം പിണറായി സർക്കാരിലെ ശിവശങ്കർ കൊള്ളാവുന്ന ഓഫീസറായിരുന്നു. എന്നാൽ രണ്ടാം പിണറായി സർക്കാരിനെ നയിച്ചത് പ്രാപ്തിയില്ലാത്ത ഉദ്യോഗസ്ഥരാണ്. ചോദ്യം ചെയ്യലുകൾ ഇഷ്ടപ്പെടാത്ത, അടിമകളെ സൃഷ്ടിക്കുന്ന സമീപനമാണ് സർക്കാരിന്റേത്.
കെ.എം. അബ്രഹാം ഒരു ബാഹ്യ അധികാര കേന്ദ്രമായി വളർന്നു. ചീഫ് സെക്രട്ടറിയെപ്പോലും തീരുമാനിക്കുന്നത് അദ്ദേഹമാണ്. പല അനർഹരുമാണ് ഉന്നത പദവികൾ അലങ്കരിക്കുന്നത്. തുടർഭരണം ഉറപ്പാക്കാൻ ആറു മാസമായി ഒരു ഉദ്യോഗസ്ഥ കോക്കസ് സജീവമാണ്. ഐഎഎസ് ഉദ്യോഗസ്ഥരടങ്ങിയ ഈ കോക്കസിനെ നയിക്കുന്നത് കിഫ്ബി ചെയർമാനാണ്. കടമെടുത്ത കിഫ്ബി ഫണ്ട് പിആർ ആവശ്യങ്ങൾക്കായി ദുരുപയോഗം ചെയ്തു. 130 കോടിയുടെ പിആർ ജോലികളാണ് നടത്തുന്നത്. 2021-ലെ തിരഞ്ഞെടുപ്പിൽ ഇത് 75 കോടിയായിരുന്നു. കിഫ്ബി ഫണ്ട് ക്രമക്കേടുകൾ യാഥാർഥ്യമാണെന്നും അദ്ദേഹം തുറന്നടിച്ചു.



