അതിജീവിതയെ അധിക്ഷേപിച്ച കേസ്…. രാഹുൽ ഈശ്വറിൻ്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി തള്ളി കോടതി

തിരുവനന്തപുരം: അതിജീവിതയെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച കേസിലെ പ്രതി രാഹുൽ ഈശ്വറിൻ്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ ഹർജി കോടതി തള്ളി. തിരുവനന്തപുരം അഡീഷണൽ സിജെഎം കോടതിയുടേതാണ് ഉത്തരവ്. അതിജീവിതയെ ഭീഷണിപ്പെടുത്തിയെന്നും, സ്വാധീനിച്ച് തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചെന്നും പ്രോസിക്യൂഷൻ ആരോപിച്ചിരുന്നു. പ്രതി മറ്റ് ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും ഇത് ജാമ്യവ്യവസ്ഥകളുടെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയത്.
എന്നാൽ, പ്രോസിക്യൂഷൻ ഉയർത്തിയ ആരോപണങ്ങൾ സാക്ഷ്യപ്പെടുത്തുന്ന കൃത്യമായ തെളിവുകൾ അന്വേഷണ സംഘത്തിന് ഹാജരാക്കാൻ കഴിഞ്ഞില്ലെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കി. തനിക്കെതിരെ ചില ഉന്നതർ നടത്തുന്ന ഗൂഢാലോചനയുടെ ഭാഗമാണ് പൊലീസിന്റെ ഈ നീക്കമെന്ന് പ്രതിഭാഗം കോടതിയിൽ വാദിച്ചിരുന്നു. സൈബർ കേസുമായി ബന്ധപ്പെട്ട് രാഹുൽ ഈശ്വറിന് അനുവദിച്ചിരുന്ന ജാമ്യമാണ് റദ്ദാക്കാൻ പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്. എല്ലാ വാദങ്ങളും കേട്ട ശേഷമാണ് കോടതി ഹർജി തള്ളിയത്. കോടതിയുടെ ഈ ഉത്തരവിന്മേൽ പ്രോസിക്യൂഷൻ അപ്പീൽ നൽകുകയോ മറ്റ് തുടർനടപടികൾ സ്വീകരിക്കുകയോ ചെയ്യുമോ എന്നത് വരും ദിവസങ്ങളിൽ വ്യക്തമാകും.



