എസ്.എൻ ട്രസ്റ്റിന് 85 അധ്യാപക തസ്തികകൾ അനുവദിച്ചതിൽ ഗുരുത ക്രമക്കേട്; റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി

എസ്.എൻ ട്രസ്റ്റിന് കീഴിലുള്ള കോളേജുകൾക്ക് ചട്ടവിരുദ്ധമായി 85 അധ്യാപക തസ്തികകൾ അനുവദിച്ച നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ കമ്മിറ്റി മുഖ്യമന്ത്രിക്കും ഉന്നതവിദ്യാഭ്യാസ മന്ത്രിക്കും പരാതി നൽകി. മുൻ എൽ.ഡി.എഫ് സർക്കാരിന്റെ കാലാവധി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് എടുത്ത ഈ തീരുമാനം സർക്കാർ ഖജനാവിന് പ്രതിവർഷം 15 കോടി രൂപയുടെ അധിക ബാധ്യത വരുത്തിവെക്കുന്നതാണെന്ന് പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു.
മുൻ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദു നേരിട്ട് അദാലത്ത് നടത്തിയാണ് എസ്.എൻ ട്രസ്റ്റിന് മാത്രമായി ഇത്രയും തസ്തികകൾ അനുവദിച്ചതെന്നാണ് പ്രധാന ആക്ഷേപം. മാനദണ്ഡങ്ങൾ പ്രകാരം തൊട്ടുമുമ്പുള്ള അധ്യയന വർഷത്തിലെ വിദ്യാർഥികളുടെ എണ്ണവും ജോലിഭാരവും (Workload) കണക്കാക്കിയാണ് പുതിയ തസ്തികകൾ സൃഷ്ടിക്കേണ്ടത്. എന്നാൽ, എസ്.എൻ ട്രസ്റ്റിന്റെ കാര്യത്തിൽ 2022-ലെ പഴയ കണക്കുകൾ അടിസ്ഥാനമാക്കിയാണ് തസ്തികകൾ അനുവദിച്ചതെന്നും ഇത് ഗുരുതരമായ ക്രമക്കേടാണെന്നും കമ്മിറ്റി ആരോപിക്കുന്നു.
വിദ്യാർഥികളുടെ കുറവുണ്ടെന്ന് കാണിച്ച് സർക്കാർ കോളേജുകളിൽ പോലും പുതിയ തസ്തികകൾ അനുവദിക്കാൻ ഭരണകൂടം മടിക്കുമ്പോഴാണ് ഒരു സ്വകാര്യ മാനേജ്‌മെന്റിന് വേണ്ടി മാത്രം നിയമങ്ങൾ അട്ടിമറിക്കപ്പെട്ടത്. നിലവിൽ പി.എസ്.സി റാങ്ക് ലിസ്റ്റുകളിൽ ഉൾപ്പെട്ട ആയിരക്കണക്കിന് ഉദ്യോഗാർഥികൾ നിയമനം ലഭിക്കാതെ പുറത്തുനിൽക്കുമ്പോഴാണ്, മാനദണ്ഡങ്ങൾ ലംഘിച്ചുകൊണ്ട് സ്വകാര്യ ട്രസ്റ്റിന് ഇത്രയും വലിയ ആനുകൂല്യം നൽകിയതെന്നും പരാതിയിൽ വ്യക്തമാക്കുന്നു.
ഈ സാഹചര്യത്തിൽ കോടികളുടെ അഴിമതിക്കും സ്വജനപക്ഷപാതത്തിനും വഴിവെച്ച ഈ ഉത്തരവ് അടിയന്തരമായി റദ്ദാക്കണമെന്നാണ് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ കമ്മിറ്റിയുടെ ആവശ്യം.



