ശരീരഭാരം കുറയ്ക്കാൻ കപ്പലണ്ടി സഹായിക്കുമോ? കഴിക്കേണ്ടത് എങ്ങനെ?

പ്രോട്ടീൻ, നല്ല കൊഴുപ്പ്, നാരുകൾ, വിറ്റാമിനുകൾ എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്ന നിലക്കടല അഥവാ കപ്പലണ്ടി, ആരോഗ്യകരമായ ഒരു സൂപ്പർഫുഡായാണ് ഇന്ന് പരിഗണിക്കപ്പെടുന്നത്. ദിവസവും മിതമായ അളവിൽ നിലക്കടല കഴിക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ശരീരഭാരം നിയന്ത്രിക്കാനും പ്രമേഹം നിയന്ത്രണത്തിൽ നിർത്താനും സഹായിക്കുമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.

വറുത്ത നിലക്കടലയെക്കാൾ ആരോഗ്യകരം പുഴുങ്ങിയ നിലക്കടലയാണെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. കാരണം അതിൽ കലോറിയും കൊഴുപ്പും താരതമ്യേന കുറവാണ്. കൂടാതെ തലേന്ന് വെള്ളത്തിൽ കുതിർത്ത നിലക്കടല രാവിലെ വെറും വയറ്റിൽ കഴിക്കുന്നത് ദഹനത്തിനും ഹൃദയാരോഗ്യത്തിനും ഗുണകരമാണെന്നും വിദഗ്ധർ നിർദേശിക്കുന്നു.

എന്നാൽ നിലക്കടലക്ക് അലർജി ഉള്ളവർ അതിന്റെ ഉപയോഗത്തിൽ പ്രത്യേകം ശ്രദ്ധിക്കണം.

ശരീരഭാരം കുറയ്ക്കാൻ എങ്ങനെ സഹായിക്കുന്നു?

ദ ജേണൽ ഓഫ് ന്യൂട്രീഷൻ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച്, പ്രോട്ടീൻ ശരീരത്തിലെ കാലറി കത്തിക്കാനുള്ള പ്രക്രിയ വേഗത്തിലാക്കുന്നു. നിലക്കടലയിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീൻ, ഫൈബർ, ആരോഗ്യകരമായ കൊഴുപ്പ് എന്നിവ വിശപ്പിനെ നിയന്ത്രിക്കുകയും അനാവശ്യമായി ഭക്ഷണം കഴിക്കുന്നതു കുറയ്ക്കുകയും ചെയ്യുന്നു. ഇതുവഴി ശരീരഭാരം നിയന്ത്രിക്കാൻ സഹായകരമാകുന്നു.

ആരോഗ്യകരമായ കൊഴുപ്പുകളുടെ ശേഖരം

മോണോ അൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളും (MUFA), പോളി അൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളും (PUFA) നിലക്കടലയിൽ ധാരാളമുണ്ട്. ഇവ ശരീരത്തിലെ വീക്കം കുറയ്ക്കാനും ഹൃദ്രോഗം, പ്രമേഹം, അമിതവണ്ണം തുടങ്ങിയ അവസ്ഥകൾ നിയന്ത്രിക്കാനും സഹായിക്കുന്നു.

മെറ്റബോളിസം വർധിപ്പിക്കും

ഊർജസ്രോതസ്സായ നിലക്കടല ശരീരത്തിന്റെ മെറ്റബോളിസം മെച്ചപ്പെടുത്തുന്നതിലും പ്രധാന പങ്കുവഹിക്കുന്നു. ഇതുവഴി വിശ്രമസമയത്തുപോലും ശരീരം കൂടുതൽ കലോറി ചെലവഴിക്കാൻ സഹായിക്കുകയും ഭാരം കുറയ്ക്കാനുള്ള ശ്രമങ്ങൾക്ക് പിന്തുണ നൽകുകയും ചെയ്യുന്നു.

ഭക്ഷണത്തിൽ എങ്ങനെ ഉൾപ്പെടുത്താം?

പച്ചയായോ, വറുത്തതോ, പുഴുങ്ങിയതോ ആയ രൂപത്തിൽ നിലക്കടല കഴിക്കാം. കൂടാതെ നിലക്കടല ബട്ടർ, നിലക്കടല എണ്ണ, ഡിപ് എന്നിവയായും ഉപയോഗിക്കാം. ഗ്രിൽഡ് ചിക്കൻ, ടോഫു, പനീർ, സാലഡ് തുടങ്ങിയ പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണങ്ങളോടൊപ്പം ചേർത്താൽ കൂടുതൽ ഗുണം ലഭിക്കും.

നിലക്കടല ബട്ടറും ആരോഗ്യവും

നിലക്കടല ബട്ടർ കൂടുതൽ നേരം വയറു നിറഞ്ഞതായി തോന്നിപ്പിക്കുന്നതിനാൽ അമിതവിശപ്പ് നിയന്ത്രിക്കാൻ സഹായിക്കും. കൂടാതെ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരാതിരിക്കാൻ ഇത് സഹായിക്കുന്നതായും പഠനങ്ങൾ പറയുന്നു. കുറഞ്ഞ സോഡിയവും പഞ്ചസാരയും ഉള്ള ഓർഗാനിക് നിലക്കടല ബട്ടർ തിരഞ്ഞെടുക്കുന്നതാണ് നല്ലത്. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ 2–3 ടീസ്പൂൺ വരെ ഉപയോഗിക്കുന്നത് മതി.

മിതമായ അളവിൽ സ്ഥിരമായി നിലക്കടല ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ആരോഗ്യകരമായ ജീവിതശൈലിയിലേക്കുള്ള ചെറിയെങ്കിലും ശക്തമായൊരു ചുവടായി മാറും.

Related Articles

Back to top button