തെരുവുനായ ശല്യത്തിൽ പരാതി ഇല്ലെന്ന പേരിൽ ഉത്തരവാദിത്തം ഒഴിയാനാകില്ല… പഞ്ചായത്തുകൾക്ക്…

കൊച്ചി: തെരുവുനായ ആക്രമണത്തിൽ പരിക്കേറ്റാൽ ബാധിതർക്ക് നഷ്ടപരിഹാരം നൽകാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് നിയമപരമായ ബാധ്യതയുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. പരാതി ലഭിച്ചില്ലെന്ന കാരണത്താൽ പഞ്ചായത്തിന് ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിയാനാകില്ലെന്നും കോടതി വ്യക്തമാക്കി. കണ്ണൂർ എരുവേശ്ശി പഞ്ചായത്തിനെതിരായ കേസിലാണ് ഹൈക്കോടതിയുടെ നിർണായക വിധി. തെരുവുനായ നിയന്ത്രണത്തിനാവശ്യമായ നിർബന്ധിത നടപടികൾ സ്വീകരിക്കാത്തത് ഗുരുതര വീഴ്ചയാണെന്നും, ധനക്കുറവ് ചൂണ്ടിക്കാട്ടി നിയമപരമായ ഉത്തരവാദിത്തം ഒഴിവാക്കാനാകില്ലെന്നും ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു.

ഗ്രാമപഞ്ചായത്ത് നിയമപരമായ കടമ നിർവഹിക്കുന്നതിൽ വീഴ്ച വരുത്തിയാൽ ടോർട്ട് നിയമപ്രകാരം നഷ്ടപരിഹാരം നൽകേണ്ടിവരുമെന്നും, പൊതുനിരത്തുകൾ സുരക്ഷിതമായി ഉപയോഗിക്കാനുള്ള അവകാശം ഓരോ പൗരന്റെയും അടിസ്ഥാന അവകാശമാണെന്നും കോടതി ചൂണ്ടിക്കാട്ടി. തെരുവുനായ ആക്രമണത്തിൽ പരിക്കേറ്റ കണ്ണൂർ ശ്രീകണ്ഠാപുരം സ്വദേശിക്ക് 10,000 രൂപ നഷ്ടപരിഹാരവും ആറു ശതമാനം പലിശയും നൽകണമെന്ന കീഴ്ക്കോടതി വിധിയാണ് ഹൈക്കോടതി ശരിവെച്ചത്. അതേസമയം, പഞ്ചായത്തിൽ തെരുവുനായ ശല്യം ഇല്ലെന്നും സംഭവം പഞ്ചായത്തിന്റെ പരിധിക്ക് പുറത്താണ് നടന്നതെന്നുമായിരുന്നു എരുവേശ്ശി പഞ്ചായത്തിന്റെ വാദം. എന്നാൽ ഈ വാദങ്ങൾ കോടതി അംഗീകരിച്ചില്ല. ഈ വിധി സംസ്ഥാനത്തെ എല്ലാ തദ്ദേശസ്ഥാപനങ്ങൾക്കും ബാധകമായ സുപ്രധാന നിയമനിർദേശമായി വിലയിരുത്തപ്പെടുന്നു.

Related Articles

Back to top button