ദേശീയപാത 66 ആറുവരിപ്പാതയിൽ എൻഎച്ച്എഐ സ്ഥാപിച്ച ബാരിക്കേഡുകൾ തകർത്ത് സ്വകാര്യ ബസിന്റെ നിയമലംഘനം

മലപ്പുറം മലപ്പുറത്ത് ബാരിക്കേഡുകള്‍ തകര്‍ത്ത് സ്വകാര്യ ബസിന്റെ നിയമലംഘനം. മലപ്പുറം ജില്ലയിലെ പടിക്കലിനും പാലക്കലിനും ഇടയിലാണ് സംഭവം. ദേശീയപാത 66 ആറുവരിപ്പാതയില്‍ എന്‍എച്ച്എഐ സ്ഥാപിച്ച ബാരിക്കേഡുകളാണ് തകർത്തത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.
കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്നു ‘കമാന്‍ഡര്‍’ എന്ന സ്വകാര്യ ബസ്. ആറുവരിപ്പാതയിലെ എക്‌സിറ്റ് കടന്ന് മുന്നോട്ട് പോയതോടെ ബസ് പിന്നിലേക്കെടുത്തു. ശേഷം എന്‍എച്ച്എഐ എക്‌സിറ്റില്‍ സ്ഥാപിച്ച ബാരിക്കേഡുകള്‍ തകര്‍ത്ത് സര്‍വീസ് റോഡിലേക്ക് കടക്കുകയായിരുന്നു.
സ്റ്റേജ് കാര്യേജ് ബസുകള്‍ ആറുവരിപ്പാതയിലൂടെ സര്‍വീസ് നടത്തരുതെന്ന മോട്ടോര്‍ വാഹന വകുപ്പിന്റെ നിര്‍ദേശം മിക്ക ബസുകളും ലംഘിക്കുകയാണ്. പലയിടങ്ങളിലും നാട്ടുകാര്‍ പ്രതിഷേധമുയര്‍ത്തുന്ന സംഭവവുമുണ്ടായി. യാത്രക്കാരെ ഹൈവേയില്‍ ഇറക്കിവിടുന്നതായും നിരവധി പരാതികളുയരുന്നുണ്ട്.
അതേസമയം യാത്രക്കാർക്ക് സൗകര്യമാകേണ്ട ഹൈവേ യാത്ര ദുരിതമാക്കുന്ന നടപടികൾ ഇനി അനുവദിക്കില്ലെന്ന് മോട്ടോർ വാഹന വകുപ്പ്. സംസ്ഥാനത്ത് നിർമാണം പൂർത്തിയാക്കി ഗതാഗതത്തിന് തുറന്നുകൊടുത്ത ആറുവരി ദേശീയപാതയിലെ ചില ഭാഗങ്ങളിൽ മാനദണ്ഡങ്ങൾ ലംഘിച്ച് സ്റ്റേജ് കാര്യേജ് ബസുകൾ സർവീസ് നടത്തുന്നതിനെതിരെയാണ് എംവിഡി നടപടി കടുപ്പിക്കുന്നത്. ആറുവരിപ്പാതയിലൂടെ ഓടിയെത്തി യാത്രക്കാരെ ഹൈവേയിൽ തന്നെ ഇറക്കിവിടുന്ന ബസുകൾക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.



