എംഎൽഎ മാത്യു കുഴൽനാടന്റെ നിർമാണവീട്ടിലെ മോഷണം… പ്രതി പിടിയിൽ

കൊച്ചി: മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടന്റെ പൈങ്ങോട്ടൂരിലെ നിർമാണത്തിലിരുന്ന വീട്ടിൽ നിന്ന് ഇലക്ട്രിക് വയറുകൾ മോഷ്ടിച്ച കേസിൽ പ്രതി പിടിയിൽ. മുർഷിദാബാദ് സ്വദേശിയായ ബിഷ്ണു മണ്ഡലിനെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. എംഎൽഎയുടെ വീടിന്റെ നിർമാണ ആവശ്യങ്ങൾക്കായി എത്തിച്ച് സൂക്ഷിച്ചിരുന്ന ഇലക്ട്രിക് വയറുകളാണ് മോഷണം പോയത്. ഏകദേശം 50,000 രൂപയുടെ നഷ്ടമാണ് സംഭവിച്ചതെന്ന് മാത്യു കുഴൽനാടൻ എംഎൽഎ വ്യക്തമാക്കിയിരുന്നു.
ഞായറാഴ്ചയാണ് പൈങ്ങോട്ടൂർ ആയങ്കരയിലെ നിർമാണത്തിലിരിക്കുന്ന വീട്ടിൽ മോഷണം നടന്നത്. സംഭവസമയത്ത് വീട്ടുകാരോ തൊഴിലാളികളോ സ്ഥലത്തുണ്ടായിരുന്നില്ല. മോഷണവുമായി ബന്ധപ്പെട്ട് പോത്താനിക്കാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. കല്ലൂർക്കാട് പൊലീസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും വിരലടയാള വിദഗ്ധരും ശാസ്ത്രീയ പരിശോധനാ സംഘവും സ്ഥലത്തെത്തി തെളിവുകൾ ശേഖരിക്കുകയും ചെയ്തിരുന്നു. പ്രതിയായ ബിഷ്ണു മണ്ഡൽ മുൻപും സമാനമായ മോഷണക്കേസുകളിൽ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. സമീപ പ്രദേശങ്ങളിലെ നിർമാണത്തിലിരിക്കുന്ന വീടുകളിലും ക്ഷേത്രങ്ങളിലും നടന്ന സമാന മോഷണങ്ങളുമായി ഇയാൾക്ക് ബന്ധമുണ്ടോയെന്നും പൊലീസ് പരിശോധിച്ചുവരികയാണ്. കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. മോഷണവുമായി ബന്ധപ്പെട്ട് പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളും അന്വേഷണത്തിൽ പരിശോധിച്ചുവരികയാണ്.




