യുഡിഎഫ് സർക്കാരിൻ്റെ സത്യപ്രതിജ്ഞാ ചടങ്ങിന്റെ ഭാഗമാകും; സർക്കാരിൻ്റെ ക്ഷണം സ്വീകരിക്കുന്നുവെന്ന് ഓർത്തഡോക്സ് സഭ

വിഡി സതീശൻ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിന്റെ ഭാഗമാകുമെന്ന് സ്ഥിരീകരിച്ച് ഓർത്തഡോക്സ് സഭ. സഭയെ പ്രതിനിധീകരിച്ച് മൂന്നുപേർ ചടങ്ങിൽ പങ്കെടുക്കും. ഡോ. ഗീവർഗീസ് മാർ യൂലിയോസ് (തിരു. ഭദ്രാസന സഹായ മെത്രാപ്പോലീത്ത), ഫാ.ഡോ. തോമസ് വർഗീസ് അമയിൽ (സഭാ വൈദിക ട്രസ്റ്റി), റോണി വർഗീസ് ഏബ്രഹാം (സഭാ അൽമായ ട്രസ്റ്റി), അഡ്വ ബിജു ഉമ്മൻ (അസോസിയേഷൻ സെക്രട്ടറി) തുടങ്ങിയവരാണ് സത്യപ്രതിജ്ഞാ ചടങ്ങിനെത്തുക. യുഡിഎഫ് സർക്കാരിൻ്റെ ക്ഷണം സ്വീകരിച്ചാണ് സഭ പ്രതിനിധികൾ ചടങ്ങിനെത്തുന്നത്.

ഇന്ന് രാവിലെ കൃത്യം പത്ത് മണിയോടെ യുഡിഎഫ് നയിക്കുന്ന മന്ത്രിസഭ അധികാരമേൽക്കും. മുഖ്യമന്ത്രിയും 20 മന്ത്രിമാരുമാണ്‌ സത്യപ്രതിജ്ഞ ചെയ്യുക.‌ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുന്നത്. ഒൻപത് മണിവരെയാണ് സത്യപ്രതി‌ജ്ഞ നടക്കുന്ന സെൻട്രൽ സ്റ്റേഡിയത്തിലേക്ക് ജനങ്ങൾക്ക് പ്രവേശനാനുമതി നൽകിയിട്ടുള്ളത്. അര ലക്ഷം ആളുകൾക്ക് വരെ ചടങ്ങിന്റെ ഭാഗമാകാൻ കഴിയുന്ന തരത്തിലുള്ള വലിയ പന്തൽ ആണ് തയ്യാറാക്കിയിരിക്കുന്നത്. ജനങ്ങൾക്ക് സത്യപ്രതിജ്ഞ കാണാനായുള്ള എളുപ്പത്തിനായി വലിയ സ്‌ക്രീനുകളിലും ക്രമീകരിച്ചിട്ടുണ്ട്. ഒന്നര പതിറ്റാണ്ടിന് ശേഷമാണ് കേരളത്തിൽ യുഡിഎഫ് നയിക്കുന്ന ഒരു മന്ത്രിസഭ അധികാരത്തിൽ എത്തുന്നത്, അതിന്റെ ആവേശത്തിലാണ് അണികളും പാർട്ടി പ്രവർത്തകരും ജനങ്ങളും.

Related Articles

Back to top button