30 കോടിയുടെ ഭാഗ്യശാലി ആരെന്ന് അറിയാൻ മണിക്കൂറുകൾ മാത്രം… തിരുവോണം ബമ്പർ നറുക്കെടുപ്പ് ഇന്ന് ഉച്ചയ്ക്ക്…

കേരള ഭാഗ്യക്കുറിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയായ 30 കോടി രൂപയുടെ തിരുവോണം ബമ്പർ നറുക്കെടുപ്പ് ഇന്ന് ഉച്ചയ്ക്ക് രണ്ടിന് നടക്കും. തിരുവനന്തപുരം ഗോർഖി ഭവനിൽ ഉച്ചയ്ക്ക് 1:30-ന് നടക്കുന്ന ഉദ്ഘാടനച്ചടങ്ങ് മന്ത്രി കെ. മുരളീധരൻ നിർവഹിക്കും. കേരള ലോട്ടറിയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിഞ്ഞതും ഈ തിരുവോണം ബമ്പറിലാണ്. റെക്കോർഡ് വിൽപ്പനയാണ് ഇത്തവണ രേഖപ്പെടുത്തിയത്. ഓണം ബമ്പർ വിൽപ്പനയിലൂടെ വിജയിയായ ഭാഗ്യശാലിക്ക് പുറമെ ഏജന്റുമാർക്കും സർക്കാരിനും വലിയ സാമ്പത്തിക നേട്ടമാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. 30 കോടിയുടെ ആ ഭാഗ്യശാലി ആരാണെന്നറിയാനുള്ള ആകാംക്ഷയിലാണ് സംസ്ഥാനം മുഴുവൻ.
ഓണം ബമ്പർ സംബന്ധിച്ച സമ്പൂർണ വിവരങ്ങൾ അറിയാം:
കണക്കുകൾ ഇങ്ങനെ…
- വിറ്റത് 90 ലക്ഷം ടിക്കറ്റുകൾ
- വിറ്റുവരവ് 450 കോടി രൂപ
- ടിക്കറ്റ് വില 500 രൂപ
- ഏജന്റുമാർക്ക് സർക്കാർ കൊടുക്കുന്നത് 411 രൂപയ്ക്ക്
- ഒരു ടിക്കറ്റ് വിൽക്കുമ്പോൾ ഏജൻസി കമ്മിഷനും ജി.എസ്.ടി.യും കഴിച്ച് സർക്കാരിന് കിട്ടുന്നത് 268 രൂപ
- തിരുവോണം ബമ്പറിൽ സർക്കാർ ഖജനാവിലെത്തിയത് 241.20 കോടി രൂപ
- ജി.എസ്.ടി. ഇനത്തിൽ (സെൻട്രൽ-സ്റ്റേറ്റ്) ആകെ ലഭിച്ചത് 128.52 കോടി രൂപ
- ആകെ സമ്മാനങ്ങളുടെ എണ്ണം 5,34,670
- ആകെ സമ്മാനത്തുക 125,54,00,000
- ഏജൻസി കമ്മീഷൻ ആകെ 12,55,40,000
ഒന്നാം സമ്മാനം അടിച്ചാൽ എത്ര കിട്ടും?…
- ഒന്നാം സമ്മാനം ലഭിച്ചാൽ കിട്ടുന്നത് 30 കോടി രൂപ
- ഏജൻസി കമ്മീഷൻ മൂന്ന് കോടി രൂപ
- ബാക്കി 27 കോടി രൂപയുടെ അടിസ്ഥാന ആദായ നികുതി 8.10 കോടി രൂപ
- 8.10 കോടി രൂപയുടെ 25 ശതമാനം സർച്ചാർജ് 2,02,50,000 രൂപ
- അടിസ്ഥാന ആദായനികുതിയും സർച്ചാർജും കൂട്ടിയാൽ 10,12,50,000 രൂപ
- ഇതിന്റെ നാല് ശതമാനം സെസ്-40.50 ലക്ഷം രൂപ
- ഇത് മൂന്നും കൂടി കൂട്ടിയാൽ 10.53 കോടി രൂപ
- 27 കോടി രൂപയിൽ നിന്ന് 10.53 കോടി കുറച്ച് 16.47 കോടി രൂപയാണ് വിജയിക്ക് കിട്ടുക



