സിഎംആർഎൽ-എക്സാലോജിക് കേസിൽ എഫ്ഐആറിന് മുൻപ്…

കൊച്ചി: സിഎംആർഎൽ – എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട കേസിൽ എഫ്ഐആറിന് മുൻപ് പ്രാഥമിക അന്വേഷണം ആവശ്യമില്ലെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഹൈക്കോടതിയെ അറിയിച്ചു. മറ്റൊരു ഏജൻസി തെളിവുകൾ നൽകിയ സ്ഥിതിക്ക് പ്രാഥമിക അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും, സുപ്രീംകോടതി നിർദ്ദേശിക്കുന്നതും എഫ്ഐആർ ആണെന്നുമാണ് ഇഡി വ്യക്തമാക്കിയത്.

ഇഡി കത്തിന്റെ അടിസ്ഥാനത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് ഇഡി ഈ വാദം ഉന്നയിച്ചത്. എന്നാൽ ഈ ഹർജിയെ സർക്കാർ ശക്തമായി എതിർത്തു. ലളിതകുമാരി കേസിൽ സുപ്രീം കോടതി നിർദ്ദേശിച്ചതുപോലെ 66/2 പ്രകാരം പ്രാഥമിക അന്വേഷണം നടത്തിയാണ് തുടർ തീരുമാനമെടുക്കേണ്ടതെന്ന് സർക്കാർ കോടതിയിൽ ചൂണ്ടിക്കാണിച്ചു. ഈ ഹർജി പൊതുതാൽപ്പര്യമല്ലെന്നും ഇതിന് പിന്നിൽ മറ്റു ചില താല്പര്യങ്ങളുണ്ടെന്നും സർക്കാർ വാദിച്ചു. അഴിമതി നിരോധന നിയമപ്രകാരം കേസ് എടുക്കണമെന്നാണ് ഇഡിയുടെ കത്തിലുള്ളത്. പ്രാഥമിക അന്വേഷണം നടത്തുന്നത് ക്രൈം ബ്രാഞ്ചാണെങ്കിൽ പിന്നെന്തിനാണ് വിജിലൻസ് എന്നും ഹർജിക്കാരൻ കോടതിയിൽ ചോദിച്ചു.

എസ്എഫ്ഐഒ (SFIO) റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പിഎംഎൽഎ പ്രകാരം ഇസിഐആർ രജിസ്റ്റർ ചെയ്തതെന്നും, ആ അന്വേഷണത്തിൽ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഡിജിപിക്ക് കത്ത് നൽകിയതെന്നും ഇഡി കോടതിയിൽ ആവർത്തിച്ചു. വാദങ്ങൾ കേട്ട ഹൈക്കോടതി, ഇഡി നൽകിയ കത്ത് സീൽഡ് കവറിൽ ഹാജരാക്കാൻ നിർദേശിക്കുകയും കേസ് വിശദമായ വാദത്തിനായി മാറ്റുകയും ചെയ്തു.

Related Articles

Back to top button