എംഡിഎംഎ കേസ് പ്രതിയായ കീർത്തനയെ പോലീസ് സ്റ്റേഷന് മുന്നിൽ ഭർത്താവ്…

കോഴിക്കോട്: അധ്യാപികമാർ ഉൾപ്പെട്ട വടകര എംഡിഎംഎ കേസിലെ മൂന്നാം പ്രതിയായ കീർത്തനയ്ക്ക് വെട്ടേറ്റു. ഹൈക്കോടതിയിൽ നിന്ന് ജാമ്യം ലഭിച്ചതിനെ തുടർന്ന് വടകര പോലീസ് സ്റ്റേഷനിൽ ഒപ്പിടാനെത്തിയപ്പോഴാണ് ഭർത്താവ് കീർത്തനയെ ആക്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് വിനീഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഇന്ന് രാവിലെ വടകര പോലീസ് സ്റ്റേഷന് മുന്നിൽ വെച്ചായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. കത്തി ഉപയോഗിച്ചാണ് വിനീഷ് കീർത്തനയെ വെട്ടിയത്. ആക്രമണത്തിന് പിന്നിൽ കുടുംബ പ്രശ്നങ്ങളാണോ എന്ന് പോലീസ് പരിശോധിച്ച് വരികയാണ്. ഗുരുതരമായി പരിക്കേറ്റ കീർത്തനയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന വിവരം. രണ്ടാഴ്ച മുൻപായിരുന്നു കേസിൽ കീർത്തനയ്ക്ക് ജാമ്യം ലഭിച്ചത്. കേസിൽ തനിക്ക് ബന്ധമില്ലെന്നും തന്നെ കുടുക്കിയതാണെന്നുമായിരുന്നു കീർത്തന ആദ്യം മുതൽ ഉന്നയിച്ചിരുന്ന വാദം. പേരാമ്പ്ര ബിആർസിയിലെ സ്പെഷൽ എജ്യുക്കേറ്ററായ കീർത്തന ഉൾപ്പെടെയുള്ള അധ്യാപികമാരും മറ്റ് പ്രതികളും നേരത്തെ അറസ്റ്റിലായിരുന്നു.



