സ്‌കൂളിൽ ഇനി ബിരിയാണി കിട്ടില്ല കേട്ടോ… പുതിയ മെനു പുറത്തിറക്കി സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിലെ ഉച്ചഭക്ഷണ മെനുവിൽ വിപുലമായ മാറ്റങ്ങൾ വരുത്തി യുഡിഎഫ് സർക്കാർ ഉത്തരവിറക്കി. ഇതോടെ ഇതുവരെ നൽകിയിരുന്ന വിഭവസമൃദ്ധമായ മെനുവിന് പകരം ലളിതമായ ഭക്ഷണക്രമമാണ് നടപ്പാക്കുന്നത്. പുതിയ നിർദേശപ്രകാരം വെജിറ്റബിൾ ഫ്രൈഡ് റൈസ്, ലെമൺ റൈസ്, വെജ് ബിരിയാണി തുടങ്ങിയ വിഭവങ്ങൾ ഇനി ഉച്ചഭക്ഷണ മെനുവിലുണ്ടാകില്ല. പകരം ചോറും രണ്ട് കറികളും ഉൾപ്പെടുന്ന ഭക്ഷണക്രമമാണ് നടപ്പാക്കുക.

സാമ്പിൾ മെനുവിൽ ക്യാബേജ് തോരൻ, സാമ്പാർ, ചീര തോരൻ, പരിപ്പുകറി, ചെറുപയർ തോരൻ, കോവയ്ക്ക തോരൻ എന്നിവയുൾപ്പെടെ പത്ത് വിഭവങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റവും ഫണ്ടിന്റെ അപര്യാപ്തതയുമാണ് മെനു ലളിതമാക്കാൻ കാരണമായി സർക്കാർ ചൂണ്ടിക്കാണിക്കുന്നത്. നിലവിൽ അഞ്ചാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് പ്രതിദിനം 6.19-ഉം, ആറാം മുതൽ എട്ടാം ക്ലാസ് വരെയുള്ളവർക്ക് 9.11-ഉമാണ് ഉച്ചഭക്ഷണത്തിനായി അനുവദിക്കുന്നത്. ഈ തുക ഉപയോഗിച്ച് നിലവാരമുള്ള ഭക്ഷണം നൽകുന്നത് ബുദ്ധിമുട്ടാണെന്നാണ് വിലയിരുത്തൽ.

അതേസമയം, കേരളം ഉച്ചഭക്ഷണ മെനു ചുരുക്കുമ്പോൾ അയൽസംസ്ഥാനമായ തമിഴ്നാട് കൂടുതൽ പോഷകസമൃദ്ധമായ പദ്ധതികളിലേക്കാണ് നീങ്ങുന്നത്. ആഴ്ചയിൽ ഒരിക്കൽ സ്കൂൾ വിദ്യാർത്ഥികൾക്ക് ചിക്കൻ ബിരിയാണി നൽകുന്ന പദ്ധതി പരിഗണനയിലാണെന്ന് തമിഴ്നാട് വിദ്യാഭ്യാസ മന്ത്രി എ. രാജ്മോഹൻ അറിയിച്ചു. മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യുടെ അംഗീകാരം ലഭിക്കുന്നതോടെ പദ്ധതി യാഥാർത്ഥ്യമാകും. കൂടാതെ, നിലവിലെ സൗജന്യ പ്രഭാതഭക്ഷണ പദ്ധതി സെപ്റ്റംബർ മുതൽ കൂടുതൽ വിദ്യാർത്ഥികളിലേക്ക് വ്യാപിപ്പിക്കാനും തമിഴ്നാട് സർക്കാർ പദ്ധതിയിടുന്നുണ്ട്.

Related Articles

Back to top button