റോഡരികിലെ ഫ്ലെക്സുകൾക്ക് പൂട്ടിട്ട് സർക്കാർ… ‘ബോർഡ് വെക്കാൻ’ ഇനി കാശ് കൊടുക്കണം

തിരുവനന്തപുരം: പൊതുസ്ഥലങ്ങളിൽ അനധികൃതമായി ബോർഡുകളും ബാനറുകളും കൊടിതോരണങ്ങളും സ്ഥാപിക്കുന്നതിന് കർശന നിയന്ത്രണം ഏർപ്പെടുത്തി സംസ്ഥാന സർക്കാർ. അനുമതിയില്ലാതെ സ്ഥാപിക്കുന്ന ഓരോ ബോർഡിനും ബാനറിനും ഇനി 5,000 രൂപ വീതം പിഴ ഈടാക്കും. സ്ഥാപിച്ചവയിൽ നിന്ന് തന്നെ നീക്കം ചെയ്യുന്നതിനുള്ള ചിലവും ഈടാക്കും.

റോഡുകൾ, നടപ്പാതകൾ, കൈവരികൾ, സെൻട്രൽ മീഡിയനുകൾ, ട്രാഫിക് ഐലൻഡുകൾ തുടങ്ങിയ പൊതുസ്ഥലങ്ങളിൽ അനധികൃതമായി ബോർഡുകളോ ബാനറുകളോ കൊടിതോരണങ്ങളോ സ്ഥാപിക്കാൻ പാടില്ലെന്നാണ് നിർദേശം. പൊതുസ്ഥലങ്ങളിലെ അനധികൃത ബോർഡ് പ്രദർശനത്തിന് കടിഞ്ഞാണിടുകയാണ് സർക്കാർ ലക്ഷ്യമിടുന്നത്. അനധികൃത ബോർഡുകളും ബാനറുകളും നീക്കം ചെയ്യുന്നതിൽ വീഴ്ച വരുത്തിയാൽ തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്കും ഉത്തരവാദിത്തമുണ്ടാകും. പിഴ ഈടാക്കുന്നതിൽ വീഴ്ച വരുത്തുകയോ അനധികൃത ബോർഡ് നീക്കം ചെയ്യാതിരിക്കുകയോ ചെയ്താൽ ഈടാക്കേണ്ട തുക സെക്രട്ടറിയിൽ നിന്ന് വ്യക്തിപരമായി ഈടാക്കും.

രാഷ്ട്രീയ പാർട്ടികൾക്കും വിവിധ സംഘടനകൾക്കും പുതിയ നിയന്ത്രണത്തിൽ ഇളവുണ്ടാകില്ല. രാഷ്ട്രീയ പാർട്ടികളോ സംഘടനകളോ സ്ഥാപിക്കുന്ന അനധികൃത ബോർഡുകൾക്കും പിഴ ബാധകമാണ്. അനധികൃത ബോർഡുകൾ നീക്കം ചെയ്യുന്നതിനായി തദ്ദേശ സ്ഥാപനങ്ങൾക്ക് പൊലീസിന്റെ സഹായം തേടാം. നിയമലംഘനം ആവർത്തിക്കുന്ന സാഹചര്യത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കുകയും എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്യാം.

Related Articles

Back to top button