സമയക്രമത്തെച്ചൊല്ലി സംഘർഷം…. ബസ് ഡ്രൈവർമാരുടെയും കണ്ടക്ടറുടെയും….

കോഴിക്കോട്: സമയക്രമത്തെച്ചൊല്ലി നടുറോഡിൽ ഏറ്റുമുട്ടിയ ബസ് ജീവനക്കാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. ‘സേവൻ ഡേയ്സ്’, ‘സരോജിനി’ എന്നീ ബസുകളിലെ രണ്ട് ഡ്രൈവർമാരുടെയും ഒരു കണ്ടക്ടറുടെയും ലൈസൻസാണ് ആറ് മാസത്തേക്ക് സസ്പെൻഡ് ചെയ്തത്. കോഴിക്കോട് ആർടിഒയാണ് നടപടി സ്വീകരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് തൊണ്ടയാടിന് സമീപം ബസ് ജീവനക്കാർ തമ്മിൽ പരസ്യമായി ഏറ്റുമുട്ടിയത്. സമയക്രമത്തെച്ചൊല്ലിയുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.
നടുറോഡിലുണ്ടായ സംഘർഷം യാത്രക്കാർക്കും പൊതുജനങ്ങൾക്കും ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും വിമർശനങ്ങൾക്ക് ഇടയാക്കുകയും ചെയ്തിരുന്നു. ഗതാഗത നിയമങ്ങൾ ലംഘിച്ചതിനും പൊതുസ്ഥലത്ത് ക്രമസമാധാന പ്രശ്നം സൃഷ്ടിച്ചതിനുമാണ് കർശന നടപടി സ്വീകരിച്ചതെന്ന് ആർടിഒ അറിയിച്ചു. ലൈസൻസ് സസ്പെൻഡ് ചെയ്തതിന് പുറമെ ശിക്ഷാ നടപടിയുടെ ഭാഗമായി മൂന്ന് പേരും ഡ്രൈവർമാരുടെ പരിശീലന കേന്ദ്രത്തിൽ നിർബന്ധിത ക്ലാസുകളിൽ പങ്കെടുക്കണമെന്നും ആർടിഒ നിർദേശിച്ചിട്ടുണ്ട്. പൊതുനിരത്തുകളിൽ ഇത്തരം സംഘർഷങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശന നിരീക്ഷണം തുടരുമെന്ന് മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കി.



