‘ടെലഗ്രാം ഗ്രൂപ്പാണ്… സേഫാണ്.’….തൃക്കാക്കര മോർഫിങ് കേസ് ശൃംഖല സംസ്ഥാനവ്യാപകം..

‘ടെലഗ്രാം ഗ്രൂപ്പാണ്… ആരും കണ്ടുപിടിക്കില്ല; നമ്മൾ സേഫാണ്.’ രഹസ്യഗ്രൂപ്പുകളുടെ മറവിൽ ചിത്രങ്ങൾ ശേഖരിച്ചും മോർഫ് ചെയ്തും പ്രചരിപ്പിച്ചവരുടെ ധാരണ ഇതായിരുന്നു. പക്ഷേ, ആ ‘സേഫ് സോണിൽ’ അവർ അറിയാതെ പോലീസിന്റെ കണ്ണുകളുമുണ്ടായിരുന്നു. തൃക്കാക്കര ഭാരതമാതാ കോളേജിലെ മോർഫിങ് കേസിൽ അന്വേഷണം കോളേജിന്റെ ചുറ്റുമതിൽകടന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക്.
കോളേജിലെ ഏതാനും വിദ്യാർഥികളുടെ ചെയ്തിയെന്ന നിലയിൽ തുടങ്ങിയ അന്വേഷണം ഇപ്പോൾ വിവിധ കോളേജുകളിലെ വിദ്യാർഥികളിലേക്കും കാമ്പസിനു പുറത്തുള്ളവരിലേക്കും നീളുകയാണ്. അധ്യാപകരുടെ കൂടാതെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ ചിത്രങ്ങൾ സാമൂഹമാധ്യമങ്ങളിൽനിന്നും മറ്റു ടെലഗ്രാം ഗ്രൂപ്പുകളിൽനിന്നും ശേഖരിച്ചാണ് മോർഫ് ചെയ്തും അല്ലാതെയും വികൃതമായി പ്രചരിപ്പിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.



