മെസി വരുമെന്ന വാഗ്ദാനം… തട്ടിപ്പിൽ എഫ്ഐആർ പുറത്ത്… പ്രതികൾക്കെതിരെ..

കൊച്ചി: ഫുട്ബോൾ താരം ലയണൽ മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് നടത്തിയെന്നാരോപിക്കുന്ന തട്ടിപ്പിൽ പ്രതികൾക്കെതിരെ ഗൂഢാലോചന, വഞ്ചനാ കുറ്റങ്ങൾ ചുമത്തി പൊലീസ് കേസ്. സംഭവത്തിൽ നിയമവിരുദ്ധവും വ്യാജവുമായ കരാർ തയ്യാറാക്കിയെന്നാണ് എഫ്ഐആറിലെ കണ്ടെത്തൽ. ഭാരതീയ ന്യായ സംഹിതയിലെ 318, 61 വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രതികൾ അന്യായമായി സാമ്പത്തിക നേട്ടമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തിച്ചതെന്നും എഫ്ഐആറിൽ പറയുന്നു.
കലൂർ സ്റ്റേഡിയം ബ്രോഡ്കാസ്റ്റിങ് കോർപ്പറേഷന് കൈമാറിയതുമായി ബന്ധപ്പെട്ട കാര്യങ്ങളിലും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. സ്റ്റേഡിയം കൈമാറുമ്പോൾ നൽകേണ്ടിയിരുന്ന അഞ്ച് കോടി രൂപയുടെ ഡെപ്പോസിറ്റ് ഒഴിവാക്കിയതിലും അന്വേഷണം തുടരുകയാണ്. സർക്കാരിനെയും നാട്ടുകാരെയും വഞ്ചിച്ചെന്നും നിയമവിരുദ്ധവും വ്യാജവുമായ കരാർ നിർമിച്ചെന്നുമാണ് എഫ്ഐആറിലുള്ള ആരോപണം. സംഭവവുമായി ബന്ധപ്പെട്ട് വ്യാപക പരിശോധനയും റെയ്ഡുകളും തുടരുകയാണ്. പരിശോധനയുമായി റിപ്പോർട്ടർ ചാനൽ സഹകരിക്കുന്നില്ലെന്ന് തൃക്കാക്കര എസിപി ബിജോയ് ചന്ദ്രൻ പ്രതികരിച്ചു.
അതേസമയം, റിപ്പോർട്ടർ ചാനൽ ഓഫീസിലെ പൊലീസ് പരിശോധന സ്വാഭാവിക അന്വേഷണത്തിന്റെ ഭാഗമാണെന്ന് കായികവകുപ്പ് മന്ത്രി ഒ. ജെ. ജനീഷ് പറഞ്ഞു. സർക്കാർതലത്തിൽ ഇതിനായി നിർദേശം നൽകിയിരുന്നുവെന്നും പൊലീസ് നടപടിക്രമങ്ങൾ പാലിച്ചാണ് അന്വേഷണം നടത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി. തട്ടിപ്പുമായി ബന്ധപ്പെട്ട കൂടുതൽ രേഖകളും ഇടപാടുകളും പൊലീസ് പരിശോധിച്ചുവരികയാണ്.



